22
Feb 2023
Sat
22 Feb 2023 Sat

ന്യൂഡൽഹി: പ്ലീനറി സമ്മേളനത്തിന് കോൺഗ്രസ് ഒരുങ്ങവെ, പാർട്ടിയുടെ ഉന്നത നയരൂപീകരണവേദിയായ പ്രവർത്തകസമിതി അടിമുടി പരിഷ്‌കരിക്കുന്നു. സമിതി വിപുലീകരിക്കുന്നതിനൊപ്പം വനിതകള്‍, ആദിവാസികള്‍ ദലിത് വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍ (50 വയസ്സിനു താഴെയുള്ളവര്‍) എന്നിവര്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഈ മാസം 24 മുതൽ 26 വരെ ഛത്തിസ്ഗഡിലെ റായ്പൂരിലാണ് പ്ലീനറി സമ്മേളനം നടക്കുക. അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളാണ് സമ്മേളനത്തിലെ മുഖ്യ അജണ്ട.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിൽ 24 പേരാണ് പ്രവർത്തകസമിതിയിലുള്ളത്. ഇത് 28 ആയി വർധിപ്പിക്കും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പാർട്ടി മുൻ അധ്യക്ഷൻമാരായ സോണിയഗാന്ധി, രാഹുൽഗാന്ധി എന്നിവരെയും ഉൾപ്പെടുത്തും. കൂടാതെ ലോക്‌സഭയിലെയും രാജ്യസഭയിലെയും കക്ഷി അംഗങ്ങളും സമിതിയിലുണ്ടാകും. 28ൽ 14 അംഗങ്ങളാകും പ്രത്യേകവിഭാഗങ്ങളിൽനിന്നുള്ളവർ. 1,100 എ.ഐ.സി.സി അംഗങ്ങളും 8,800 പി.സി.സി അംഗങ്ങളും ഉൾപ്പെടെയുള്ള പതിനായിരത്തോളം പേരാണ് പ്രവർത്തകസമിതിയംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങളായ എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തേക്കില്ല. ഇരുവരും ദേശീയ നേതൃനിരയിൽനിന്നു പിൻവാങ്ങുന്നതിന്റെ സൂചനയാണിത്. 1969 മുംബൈ സമ്മേളനം മുതൽ എഐസിസിയിൽ പങ്കെടുത്ത നേതാക്കളാണ് ഇരുവരും.

ബംഗളൂരുവിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുമൂലം റായ്പുരിലേക്ക് ഇല്ലെന്ന നിലപാടിലാണ് ആന്റണിയും. ഇക്കാര്യം എഐസിസിയെ അറിയിച്ചതായും വിവരമുണ്ട്. രാജ്യസഭാ കാലാവധി കഴിഞ്ഞശേഷം ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു മാറിയ ആന്റണി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രവർത്തകസമിതിയിൽ തുടരണമെന്ന ആഗ്രഹവുമില്ല.

ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻചാണ്ടി ആ പദവിയിൽ നിന്നു മാറും. ആരോഗ്യ പ്രശ്‌നമുള്ളതിനാൽ പ്രവർത്തകസമിതിയിൽ നിന്നും ഒഴിവാകും. പകരം വരേണ്ടവരുടെ കാര്യത്തിൽ ഇരുവരുടെയും അഭിപ്രായം തേടിയേക്കും. രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളുയർന്നിട്ടുണ്ട്. തരൂരിനെ പ്രയോജനപ്പെടുത്തണമെന്നു കരുതുന്നവരാണ് ആന്റണിയും ഉമ്മൻ ചാണ്ടിയും.