21
Feb 2023
Wed
21 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിന്റെ ആഘാതത്തിലാണ് മലയാളി പ്രേക്ഷകര്‍. കരള്‍ രോഗം ബാധിച്ചായിരുന്നു 41 കാരിയുടെ മരണം. മിമിക്രിയില്‍ വനിതകളുടെ ആഗമനത്തിന് തുടക്കമിട്ട നടിയാണ്. മലയാളിത്തിലെ ഒന്നാം നമ്പര്‍ വനിതാ കോമഡി സ്റ്റാര്‍ എന്ന പദവി സുബിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. വിദേശത്തും ഇന്ത്യയിലുമായി 100 കണക്കിന് ഷോകളില്‍ താരം പങ്കെടുത്തിട്ടുണ്ട്. കരള്‍ രോഗം ബാധിതയായി 25 ദിവസമാണ് സുബി ആശുപത്രിയില്‍ കഴിഞ്ഞത്. രോഗത്തിന്റെ അവസാന ഘട്ടത്തിലാണ് താരം ചികില്‍സ തേടിയതെന്ന് ഡോക്ടര്‍ പറയുന്നു. സുബി ഇത്ര വലിയ രോഗത്തിന് അടിമപ്പെട്ട കാര്യം ടെലിവിഷന്‍ മേഖലയിലെ ആരും അറിഞ്ഞിരുന്നില്ല.
സുബി എന്നും ജീവിച്ചത് കുടുംബത്തിന് വേണ്ടിയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിവാഹം കുടുംബത്തിന് വേണ്ടിയാണ് താരം മാറ്റിവച്ചത്. എന്നാല്‍ അടുത്തിടെ ഒരു ടിവി ഷോയില്‍ താരം വിവാഹത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ താന്‍ വിവാഹിതയാവുമെന്ന് താരം ഹാസ്യരൂപേണ അറിയിച്ചിരുന്നു. തന്നെ വിവാഹം കഴിക്കാമെന്നേറ്റ ഒരാള്‍ കൂടെക്കൂടിയിട്ടുണ്ടെന്നും ഏഴ് പവന്റെ താലിമാലയ്ക്ക് അയാള്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും സുബി പറഞ്ഞിരുന്നു.
രാഹുല്‍ എന്ന ആളാണ് താരത്തെ വിവാഹം കഴിക്കാനിരുന്നത്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിന് ശേഷം ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. രോഗത്തിന്റെ തീവ്ര അവസ്ഥയിലായിരുന്നതിനാല്‍ ട്രീറ്റ്‌മെന്റുകള്‍ ഫലിച്ചില്ലെന്ന് പ്രതിശ്രുത വരന്‍ രാഹുല്‍ വ്യക്തമാക്കി. നാല് ദിവസങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ ഒരു പ്രോഗ്രാമിന് പോകാനിരിക്കെയാണ് താരത്തിന്റെ മരണം. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ ആയിരുന്നു താരത്തിന്റെ ടെലിവിഷന്‍ മേഖലയിലേക്കുള്ള അരങ്ങേറ്റം. രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സാജന്‍ പള്ളുരുത്തി എന്നീ താരങ്ങള്‍ക്കൊപ്പം 19 വര്‍ഷം വേദി പങ്കിട്ട താരമായിരുന്നു സുബി. സുബി വിയോഗം ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് മൂവരും വ്യക്തമാക്കി.

അതിനിടെ കരള്‍ മാറ്റിവയ്ക്കലിന്റെ നൂലാമാലകളാണ് മരണത്തിന് കാരണമായതെന്ന നടന്‍ സുരേഷ് ഗോപിയുടെ വാദങ്ങളെ തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. സുബി സുരേഷിന്റെ അന്ത്യം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ പുരോഗമിക്കവേയെന്ന് ആലുവ രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേല്‍ അറിയിച്ചു. സുബി സുരേഷിന് കരള്‍ രോഗം നേരത്തെയുണ്ടായിരുന്നു. അതിന് ശേഷം ഇന്‍ഫക്ഷന്‍ ഉണ്ടായി. ഇത് വ്യക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും അവയവ മാറ്റ നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.