16
Mar 2023
Sun
16 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാഹോർ: പാക് മുൻ പ്രധാനമന്ത്രിയും പി.ടി.ഐ നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലിസിന്റെ നീക്കങ്ങൾ രാജ്യത്ത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. ഖാനെ അറസ്റ്റ്‌ചെയ്യാൻ പൊലിസിനായില്ല. എന്നാൽ പൊലിസ് നോക്കിനിൽക്കെ തന്നെ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.
അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയെങ്കിലും പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ അറസ്റ്റ് നടന്നില്ല. ഇമ്രാൻ ഖാനെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് ഇസ്ലാമാബാദ് പൊലീസിന്റെ വിശദീകരണം.

കോടതി ഉത്തരവ് പൂർത്തിയാക്കാനായി ഇസ്ലാമാബാദ് പൊലീസിന്റെ ഒരു സംഘം ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി ലാഹോറിൽ എത്തിയിരുന്നു. എന്നാൽ ഇമ്രാൻ കീഴടങ്ങിയില്ല. അദ്ദേഹത്തിന്റെ റൂമിൽവരെ എത്തിയെങ്കിലും ഇമ്രാൻ അവിടെയുണ്ടായിരുന്നില്ല’- ഇസ്ലാമാബാദ് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

അതേസമയം, പൊലീസ് എത്തിയതിന് പിന്നാലെ, ഇമ്രാൻ വസതയിൽവെച്ചു തന്നെ പിടിഐ പ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു. ഈ സമയവും പൊലീസ് വീടിന് പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പാക് പ്രധാനമന്ത്രി ഷെബഹാസ് ഷെരീഫും ഐഎസ്ഐ തലവനും ചേർന്ന് തന്നെ വധിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഐഎസ്ഐ തലവൻ നദീം അഹമ്മദ് അൻജുമിനും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും തന്നെ അവരുടെ വഴികളിൽ നിന്ന് ഇല്ലാതാക്കണം. അതിനുവേണ്ടിയാണ് അറസ്റ്റ്. തന്റെ ജീവന് ഭീഷണിയുണ്ട്. അനാവശ്യമായ കേസുകലിൽ കോടതികളിലേക്ക് വിളിപ്പിക്കുന്നെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കും. തോഷഖാന കേസിൽ പൊതുവിചാരണ വേണം. ഐഎസ്ഐ തലവൻ ഒരു മനോരോഗിയാണ്. പാക് സൈന്യം കള്ളന്മാരെ രാജ്യത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നു-എന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് ആരോപണം.

കേസിൽ, ഹാജരാകണം എന്ന് കാണിച്ച് ഇസ്ലാമാബാദ് കോടതി മൂന്നുതവണ ഇമ്രാന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായില്ല. ഇതിന് പിന്നാലെയാണ്, കോടതിയലക്ഷ്യത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

ഇമ്രാനെ അറസ്റ്റ് ചെയ്യുമെന്ന വാർത്ത വന്നതിന് പിന്നാലെ, അദ്ദേഹത്തിന്റെ ലാഹോറിലെ സമാൻ പാർക്കിലെ വസതിക്ക് മുന്നിൽ തെഹ്രിഖ് ഇ ഇൻസാഫ് പാർട്ടിയുടെ ആയിരക്കണക്കിന് പ്രവർത്തകർ തടിച്ചുകൂടി. ഇവരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെയാണ് ഇമ്രാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പൊലീസ് പിൻമാറിയത്.