14
Mar 2023
Wed
14 Mar 2023 Wed

ന്യൂഡൽഹി: അടിസ്ഥാന ബിരുദ കോഴ്സ് പഠിക്കാതെ ഓപ്പൺ സർവകലാശാലയിൽ നിന്ന് നേടിയ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. മുമ്പ് മറ്റൊരു കേസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണെന്നും ഹർജി തള്ളി ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അണ്ണാമലൈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് സമാനമായ ഒരു കേസിലും മുമ്പ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്നാട് പി.എസ്.സി വഴി ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ബിരുദാനന്തര ബിരുദമാണ് ജോലിക്ക് അപേക്ഷിക്കാനുണ്ടായിരുന്ന യോഗ്യത. ഹർജിക്കാരൻ ബിരുദ കോഴ്സ് പഠിച്ചിട്ടില്ലെങ്കിലും ഓപ്പൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. മദ്രാസ് ഹൈക്കോടതി ഉദ്യോഗാർത്ഥിയുടെ ഹർജി തള്ളിയതിനെ തുടർന്നാണ് ഇയാൾ സുപ്രിംകോടതിയെ സമീപിച്ചത്.

അടിസ്ഥാന ബിരുദമില്ലാതെ നേടിയ ബിരുദാനന്തര ബിരുദം അസാധുവാണെന്ന് മുമ്പ് അണ്ണാമലൈ സർവകലാശാലയുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധി പുറപ്പെടുവിച്ചതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഉദ്യോഗാർഥിയുടെ ഹർജി തള്ളിയത്. തുടർന്നാണ് ഉദ്യോഗാർത്ഥി സുപ്രീംകോടതിയെ സമീപിച്ചത്.