|
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ്. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബെംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സ്വപ്ന സുരേഷിന്റെ പ്രതികരണം. കേരളം മുഴുവനുമുള്ള പൊലിസ് സ്റ്റേഷനുകളില്‍ കേസുകളെടുത്താലും മുന്നോട്ട് പോകുമെന്ന് സ്വപ്ന വ്യക്തമാക്കി.
‘ക്രൈം ബ്രാഞ്ച് തനിക്കെതിരെ കേരളത്തില്‍ കേസ് എടുത്തിട്ട് ഉണ്ട്. എനിക്ക് ഈ ഗോവിന്ദനെ അറിയില്ല. ഗോവിന്ദനാണ് തന്നെ അയച്ചതെന്ന് എന്നോട് വിജേഷ് പറഞ്ഞതാണ് ഞാന്‍ ലൈവില്‍ പറഞ്ഞത്. എനിക്കെതിരെ കേസ് എടുക്കുന്നത് ഇവര്‍ക്ക് എന്തെല്ലാമോ മറയ്ക്കാന്‍ ഉള്ളതുകൊണ്ടാണ്. ‘ – സ്വപ്ന സുരേഷ് പറഞ്ഞു. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എം. വി ഗോവിന്ദന്‍ നല്‍കിയ നോട്ടിസിന് നിയമപരമായി മറുപടി നല്‍കും. മാപ്പ് പറയണമെങ്കില്‍ രണ്ടാമത് ജനിക്കണമെന്നും സ്വപ്ന സുരേഷ് പറയുന്നു. സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ മറയ്ക്കാന്‍ ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്-സ്വപ്‌ന പറഞ്ഞു.


