കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കാമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേരളത്തില്‍ ഒരു എംപി പോലും ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി ഇനി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.
|
‘റബ്ബറിന് വിലയില്ല, വിലത്തകർച്ചയാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബ്ബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തെരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബ്ബർ എടുക്കുക.
നിങ്ങൾക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.’, ബിഷപ്പ് പറഞ്ഞു. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.


