|
ലഖ്നൗ: ഓഫീസില്‍ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച സര്‍ക്കാര്‍ ജീവനക്കാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. യു.പി പവര്‍ കോര്പറേഷന് ലിമിറ്റഡിന്റെ സബ് ഡിവിഷനല്‍ ഓഫീസര്‍ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് യു.പി.പി.സി.എല്‍ ചെയര്മാന് എം ദേവരാജ് പിരിച്ചുവിട്ടത്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ബിന്‍ ലാദിനോടുള്ള കടുത്ത ആരാധന മൂലമാണ് രവീന്ദ്ര ചിത്രം ഓഫീസില്‍ സ്ഥാപിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രവീന്ദ്ര ജോലിസംബന്ധമായ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയതായും മേലധികാരികളോട് അസഭ്യമായി സംസാരിച്ചിരുന്നതായും അന്വേഷണ റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് കുറ്റക്കാരനെന്ന് കണ്ടെത്തി പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിട്ടെങ്കിലും തന്റെ നിലപാട് തള്ളി തള്ളിപ്പറയാന്‍ രവീന്ദ്ര കൂട്ടാക്കിയിട്ടില്ല. രാഷ്ട്രപിതാവ് മഹാത്മജിയെ കൊന്ന ഗോദ്സെയെ ആരാധിക്കുന്ന നാട്ടില്‍ ബിന്‍ ലാദിനെ എന്തുകൊണ്ട് ബഹുമാനിച്ചുകൂടെന്നാണ് രവീന്ദ്രയുടെ ചോദ്യം.
2022 ജൂണില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഇയാള്‍ ഫറൂഖാബാദിലെ ഓഫീസില്‍ ലാദിന്റെ ചിത്രം സ്ഥാപിച്ചിരുന്നു. ലാദിന് എന്‍ജിനീയറിംഗില്‍ ഡിഗ്രി ഉണ്ടെന്നന്നും അദ്ദേഹം ലോകത്തെ മികച്ച എന്‍ജിനീയറാണെന്നും രവീന്ദ്ര പ്രകാശ് വാദിച്ചു.





