കോഴിക്കോട്: എലത്തൂരില്‍ അജ്ഞാത അക്രമി ട്രെയിനിൽ തീ കൊളുത്തിയതിനു പിന്നാലെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത് (45) കോഴിക്കോടെത്തിയത് സഹോദരിയുടെ വീട്ടിൽ നോമ്പു തുറക്കാൻ. ടീച്ചർ ട്രെയിനിങ് കോഴ്സിന് ചേർന്ന സഹോദരി ജസീല താമസിക്കുന്ന ചാലിയത്തെ വീട്ടിലാണ് ഇവരെത്തിയത്. ഇവിടെ നിന്നും നോമ്പുതുറയ്ക്ക് ശേഷം അവരുടെ രണ്ട് വയസുള്ള മകൾ സഹ്‌ലയുമായി നാട്ടിലേക്ക് തിരികെ പോവുകയായിരുന്നു റഹ്മത്ത്. ഈ സമയത്താണ് അപ്രതീക്ഷിത ദുരന്തമുണ്ടാവുന്നത്.
|
അക്രമി യാത്രക്കാര്‍ക്ക് നേരെ ഇന്ധനമൊഴിച്ച് തീ കൊളുത്തിയ സംഭവത്തിനിടെ പരിഭ്രാന്തരായ ഇവർ ഇവർ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് സഹയാത്രികർ പറഞ്ഞത്. ചാടുന്നതിനിടെ വീണ് പരിക്കേറ്റാണ് മരണമെന്നാണ് വിവരം. ഇവർക്കൊപ്പം ബന്ധുവായ റാസിഖുമുണ്ടായിരുന്നു. സംഭവത്തിൽ പരിക്കേറ്റ റാസിഖ് ട്രെയിൻ നിന്ന ശേഷമാണ് പുറത്തിറങ്ങിയത്. തുടർന്ന് കൊയിലാണ്ടിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം കൂടെയുണ്ടായിരുന്ന റഹ്മത്തിനേയും കുട്ടിയേയും കാണാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
പിന്നാലെ നടത്തിയ തെരച്ചിലിൽ എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇവയിൽ രണ്ട് മൃതദേഹങ്ങൾ ഇവരുടേതായിരുന്നു. നൗഫീഖ് എന്നയാളാണ് മരണപ്പെട്ട മൂന്നാമത്തെയാൾ. ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹ്‌ലയുടെ പിതാവ് ഷുഹൈബ് നിലവില്‍ മദീനയിലാണുള്ളത്. ഇദ്ദേഹം തിങ്കളാഴ്ച നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു.
അതേസമയം, രാത്രി രണ്ടേ മുക്കാലോടെയാണ് തങ്ങൾ വിവരം അറിയുന്നതെന്ന് ബന്ധുവായ നാസർ അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോൾ തന്നെ തങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു. ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് കോഴിക്കോട്ടെത്തിയത്. നോമ്പ് തുറക്കാനാണ് വന്നത്. ട്രെയിനിൽ സാധാരണ ഇവർ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു- അദ്ദേഹം വിശദീകരിച്ചു.
സംഭവത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. എന്നാൽ അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സഹയാത്രികർ പറയുന്ന വിവരമനുസരിച്ച് ഇയാളുടെ രേഖാചിത്രം തയാറാക്കാനൊരുങ്ങുകയാണ് പൊലീസ്. ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവാണ് ട്രെയിനിൽ തീയിട്ടതെന്ന് യാത്രക്കാർ മൊഴി നൽകിയിരുന്നു. 25 വയസുള്ള യുവാവാണ് അക്രമം നടത്തിയതെന്നാണ് സൂചനയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. ട്രെയിനിലെ ശൗചാലയത്തിൽ നിന്ന് കാൽ കഴുകിയാണ് ഇയാൾ ഇറങ്ങിപ്പോയതെന്ന് യാത്രക്കാർ പറയുന്നത്.
അക്രമം ആസൂത്രിതമെന്നാണ് പൊലീസ് പറയുന്നത്. അക്രമി ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് നിഗമനം. ഇതിനിടെ, അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ലഭിച്ചിട്ടുണ്ട്. ബാഗിൽ നിന്ന് മൊബൈൽ ഫോണും പെട്രോൾ നിറച്ച കുപ്പിയും കുറിപ്പുകളും കണ്ടെത്തി. കണ്ണട, നാണയങ്ങൾ, ടീ ഷർട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു. നോട്ട്ബുക്കിലാണ് കുറിപ്പുകൾ ഉണ്ടായിരുന്നത്. വിവിധ സ്ഥലപ്പേരുകൾ ഇതിൽ ഇംഗ്ലീഷിൽ എഴുതിരുന്നു. നിരവധി ആണികളും ബാഗിൽ നിന്നു കണ്ടെത്തി. ഭക്ഷണമടങ്ങിയ പാത്രവും ബാഗിലുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂർ കോരപ്പുഴ പാലത്തിൽ എത്തിയപ്പോൾ ആയിരുന്നു അക്രമം. ഡി1 കംപാർട്ട്മെന്റിലെ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീ കൊളുത്തുകയായിരുന്നു. ആരോ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളിൽ ട്രെയിൻ നിൽക്കുകയും അക്രമി ഇറങ്ങി ഓടുകയുമായിരുന്നു. ഇതിനു പിന്നാലെ ഒരു ബൈക്കിൽ കയറി ഒരു യുവാവ് പോവുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന സംശയത്തിലാണ് പൊലീസ്. ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.





