ദുബയ്: പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര അസാധ്യവും ദുസ്സഹവുമാക്കിയ എയര്‍ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന ആവശ്യവുമായി കെ.എം.സി,സി നേതാക്കള്‍ വിമാനക്കമ്പനിയുടെ മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക റീജ്യന്‍ മേധാവിയെ കണ്ടു. ദുബയിലുള്ള പര്‍മീന്ദര്‍ പാല്‍ സിങ്ങുമായാണ് കെ.എം.സി.സി നേതാക്കളായ പുത്തൂര്‍ റഹ്‌മാന്‍, പി.കെ അന്‍വര്‍ നഹ കൂടിക്കാഴ്ച നടത്തിയത്.
|
സെക്ടറിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതും സാധാരണക്കാരായ പ്രവാസികളെ എത്രത്തോളം പ്രയാസത്തിലാക്കുന്നു എന്നതും വിമാനക്കമ്പനിയുടെ നിലപാടുകള്‍ കടുത്ത ചൂഷണമായാണ് പ്രവാസികള്‍ കരുതുന്നതെന്ന കാര്യവും നേതാക്കള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. എയര്‍ഇന്ത്യ പ്രശ്‌നം പഠിച്ചുവരുന്നതായും സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും പര്‍മീന്ദര്‍ പാല്‍ സിങ് പ്രതികരിച്ചതായി നേതാക്കൾ പറഞ്ഞു.
യു.എ.ഇയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ അവസാനിപ്പിച്ചു സമയത്തു തന്നെ ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം.സി.സി വ്യോമയാന മന്ത്രാലയത്തെയും കോൺസുലേറ്റുകളെയും സമീപിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരെയും പ്രശ്‌നത്തില്‍ ഇടപെടീക്കാന്‍ കെ.എം.സി.സി ശ്രമം നടത്തിയിരുന്നു. അതിനായി എം.പിമാര്‍ക്കും മറ്റും നിവേദനമായി കത്തുകളും എഴുതി.
ദേശീയ വിമാനക്കമ്പനികള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസി സംഘടനകളെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ പ്രതികരണം പ്രവാസ ലോകത്തു നിന്നും സംഘടിപ്പിക്കാനാണ് കെ.എം.സി.സിയുടെ തീരുമാനം. പ്രവാസി മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ നിരന്തര അവഗണന അവസാനിപ്പിക്കാനും വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ സാധ്യമാക്കാനുമാണ് തുടര്‍ച്ചയായ കൂടിക്കാഴ്ചകളും നിവേദന സമര്‍പ്പണങ്ങളും നടത്തുന്നതെന്ന് നേതാക്കൾ പറഞ്ഞു. നേരത്തെ ഒറ്റയ്ക്കും വിവിധ പ്രവാസി സംഘടനകളുടെ കൂടെ കൂട്ടായും നടത്തിയ നിവേദനങ്ങളും കൂടിക്കാഴ്ചകളും ഫലം കണ്ടില്ല എന്നത് നിരാശാജനകമാണ്. കൂടുതല്‍ സജീവമായ പ്രതികരണങ്ങള്‍ സംഘടിപ്പിക്കാനായി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസി സംഘടനകളുടെ സംയുക്ത യോഗം ഇതിനായി കെ.എം.സി.സി വിളിച്ചുകൂട്ടുന്നുണ്ട്.
പ്രവാസികളുടെ യാത്രാ ദുരിതം കൂട്ടുന്ന തരത്തിലാണ് വിമാനക്കമ്പനികള്‍ പുതിയ തീരുമാനങ്ങളെടുക്കുന്നത്. ദുബയ്, ഷാര്‍ജ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിയത് മലബാറിലേക്ക് യാത്ര ചെയ്യുന്നവരെ അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. മറ്റു വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന സമയത്താണ് എയര്‍ ഇന്ത്യ ഈ സെക്ടറില്‍ ബിസിനസ് ലാഭകരമല്ലെന്നു കാരണം പറഞ്ഞു സര്‍വീസുകള്‍ നിര്‍ത്തിയത്.
കൊച്ചിയിലേക്കുള്ള സര്‍വീസുകളും എയര്‍ ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. ദുബയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഡ്രീംലൈനര്‍ വിമാനവും എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു. വരാനിരിക്കുന്ന അവധിക്കാലങ്ങളില്‍ പ്രവാസി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള യാത്ര അവതാളത്തിലാവും. ഇതു മുന്‍കൂട്ടിക്കണ്ടാണ് കെ.എം.സി.സി പ്രവാസികളുടെ യാത്രാ പ്രശ്‌നത്തില്‍ കൂടുതല്‍ വ്യാപകമായ ഇടപെടലുകള്‍ നടത്തുന്നത്.





