17
Aug 2026
Mon
17 Aug 2026 Mon
UAE approves oral tab treatment for Non-segmental Vitiligo

നോൺ-സെഗ്മെന്റൽ വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കുന്ന ഗുളിക ചികിത്സയ്ക്ക് ലോകത്ത് ആദ്യമായി അംഗീകാരം നൽകി യുഎഇ. 12 വയസും അതിന് മുകളിലും പ്രായമുള്ള രോഗികൾക്ക് പുതിയ ചികിത്സാ മാർഗം ലഭ്യമാക്കുക. RINVOQ (upadacitinib) എന്ന മരുന്നിന്റെ പുതിയ ചികിത്സാ ഉപയോഗത്തിനാണ് യുഎഇയിലെ എമിറേറ്റ്സ് ഡ്ര​ഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദിവസത്തിൽ ഒരിക്കൽ വായിലൂടെ കഴിക്കുന്ന മരുന്നാണ് RINVOQ. അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്ന രോഗികൾക്കാണ് യുഎഇയിൽ ഇത് നിർദേശിക്കുക.

എന്താണ് വെള്ളപ്പാണ്ട്?

ചർമ്മത്തിലെ മെലനിൻ ഉൽപ്പാദിപ്പിക്കുന്ന മെലനോസൈറ്റ് കോശങ്ങൾ നശിക്കുന്നതിനെ തുടർന്ന് ചർമത്തിന്റെ ചില ഭാഗങ്ങളിൽ നിറം നഷ്ടപ്പെട്ട് വെളുത്ത പാടുകൾ രൂപപ്പെടുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. ഇതിന്റെ കൃത്യമായ കാരണം പൂർണമായി വ്യക്തമല്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കുന്ന ഓട്ടോഇമ്യൂൺ പ്രതികരണം പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കാവുന്ന രോഗമാണിത്. ഇരുണ്ട നിറമുള്ള ചർമമുള്ളവരിൽ പാടുകൾ കൂടുതൽ ശ്രദ്ധയിൽപ്പെടുകയും ചെയ്യാം. എന്നാൽ ചർമത്തിൽ കാണുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആയിരിക്കണമെന്നില്ല. അതിനാൽ കൃത്യമായ രോഗനിർണയത്തിന് വിദഗ്ധ ഡോക്ടറുടെ പരിശോധന ആവശ്യമാണ്.

നിലവിൽ രോഗത്തിന്റെ തരം, വ്യാപ്തി എന്നിവ അനുസരിച്ച് പുറമേ പുരട്ടുന്ന മരുന്നുകൾ, ഫോട്ടോതെറാപ്പി, ലേസർ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. ഇതിലേക്ക് വായിലൂടെ കഴിക്കുന്ന സിസ്റ്റമിക് ചികിത്സ കൂടി ഉൾപ്പെടുന്നതാണ് പുതിയ അംഗീകാരത്തിന്റെ പ്രധാന പ്രത്യേകത.

യുഎഇയുടെ വികസിത മരുന്ന് നിയന്ത്രണ സംവിധാനത്തിന്റെയും ആഗോള ശാസ്ത്രീയ മുന്നേറ്റങ്ങൾക്കനുസരിച്ച് പുതിയ ചികിത്സകൾ രോഗികളിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് അംഗീകാരമെന്ന് എമിറേറ്റ്സ് ഡ്ര​ഗ് എസ്റ്റാബ്ലിഷ്മെന്റ് വ്യക്തമാക്കി.

ചർമത്തിന്റെ നിറത്തിൽ അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ വിദഗ്ധ ഡോക്ടറെ സമീപിക്കണമെന്നും എമിറേറ്റ്സ് ഡ്ര​ഗ് എസ്റ്റാബ്ലിഷ്മെന്റ് നിർദേശിച്ചു

ALSO READ: 16-ാം വയസ്സിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ലോക റെക്കോർഡ് സ്വന്തമാക്കി ലക്ഷ്മണൻ മെയ്യപ്പൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക