ഡൽഹി ജൽ ബോർഡിലെ (ഡിജെബി) മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ (എസ്ടിപി) നവീകരണവുമായി ബന്ധപ്പെട്ട ടെൻഡർ തട്ടിപ്പ് കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി ജൽ ബോർഡ് മന്ത്രിയുമായ സത്യേന്ദർ ജെയ്ൻ വീണ്ടും അറസ്റ്റിൽ. എച്ച്.വി.എ.സി/എസ്ടിപി ടെൻഡർ വ്യവസ്ഥകളിൽ അട്ടിമറി നടത്തിയെന്ന ഡൽഹി അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ (എസിബി) അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. സത്യേന്ദർ ജെയ്‌ന് പുറമെ ഡിജെബി മുൻ സിഇഒ ഉദിത് പ്രകാശ് റായ് ഉൾപ്പെടെ ആറ് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
|
ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിബി അന്വേഷണം ആരംഭിച്ചത്. ടെൻഡറുകളിൽ പ്രത്യേക സ്വകാര്യ കമ്പനിക്ക് (യൂറോടെക് എൻവയോൺമെന്റ് പ്രൈവറ്റ് ലിമിറ്റഡ്) ലാഭമുണ്ടാക്കുന്ന രീതിയിൽ സാങ്കേതിക നിബന്ധനകളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. ഡിജെബി മുൻ സിഇഒ ഉദിത് പ്രകാശ് റായ് തന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി 1.52 കോടി രൂപ കൈക്കൂലി വാങ്ങിയതായും ഈ തുക വസ്തുവകകൾ വാങ്ങാൻ ഉപയോഗിച്ചതായും എസിബി വ്യക്തമാക്കി.
ഉദിത് പ്രകാശ് റായ് (മുൻ ഡിജെബി സിഇഒ), അങ്കിത് ശ്രീവാസ്തവ (മുൻ കൺസൾട്ടന്റ്, ഡിജെബി), നാഗേന്ദ്ര യാദവ് (പ്രൊപ്രൈറ്റർ, എൻ.എൻ എൻ്റർപ്രൈസസ്), രാജ കുമാർ കുർറ (ഉടമ, യൂറോടെക് എൻവയോൺമെന്റ്), പങ്കജ് വർമ (പ്രൊപ്രൈറ്റർ, ശ്രീജൻഹാർ) എന്നിവരാണ് അറസ്റ്റിലായ മറ്റ് അഞ്ചുപേർ.
അറസ്റ്റ് രാഷ്ട്രീയ പ്രതികാരം: ആം ആദ്മി പാർട്ടി
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ആരോപിക്കപ്പെടുന്ന അഴിമതി നടക്കുമ്പോൾ സത്യേന്ദർ ജെയ്ൻ ജയിലിലായിരുന്നുവെന്നും അങ്ങനെയുള്ളയാൾ എങ്ങനെ ഇതിന് ഉത്തരവാദിയാകുമെന്നും എഎപി നാഷണൽ മീഡിയ ഇൻ-ചാർജ് അനുരാഗ് ധാന്ധ ചോദിച്ചു. പഞ്ചാബിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പാർട്ടി ചുമതലയുള്ള സത്യേന്ദർ ജെയ്‌നെ ബിജെപി ഭയക്കുന്നത് കൊണ്ടാണ് ഈ നടപടിയെന്നും എഎപി പ്രതികരിച്ചു. കേസ് വ്യാജമാണെന്നും കോടതിയിൽ ഇത് തെളിയുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വ്യക്തമാക്കി.
അതേസമയം, ഡൽഹിയെ കൊള്ളയടിച്ചവരുടെ യഥാർL മുഖമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. സത്യസന്ധതയുടെ മുഖംമൂടിയണിഞ്ഞ് വൻ അഴിമതിയാണ് എഎപി നടത്തിയതെന്ന് മുൻ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ ആരോപിച്ചു.
മുമ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മേയിൽ അറസ്റ്റിലായ സത്യേന്ദർ ജെയ്ൻ, 18 മാസത്തോളം ജയിൽവാസമനുഭവിച്ച ശേഷം 2024 ഒക്ടോബറിലാണ് ജാമ്യത്തിലിറങ്ങിയത്.
ALSO READ: മിസൈല്‍ ആക്രമണ ഭീഷണി: സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി യുഎഇ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




