പൂനെ: കോട്ട കാണാനെത്തിയ വിനോദസഞ്ചാരികൾക്കു നേരെ എട്ടുവയസ്സുകാരിയുടെ വസ്ത്രധാരണത്തിന്റെ പേരിൽ സദാചാര ഗുണ്ടകളുടെ ആക്രമണം. പൂനെയിലെ പ്രശസ്തമായ സിംഹഗഡ് കോട്ടയിൽ ആണ് സംഭവം. സംഭവത്തിൽ ഒൻപത് പേർക്കെതിരെ ഹവേലി പോലീസ് കേസെടുത്തു.
|
ആഗസ്റ്റ് 16-നാണ് സംഭവം. വാരാന്ത്യമായതിനാൽ സിംഹഗഡ് കോട്ടയിൽ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് വിനോദസഞ്ചാരികളെ ബാലികയുടെ വസ്ത്രധാരണത്തിൻ്റെ പേരിൽ കാവി ഷാളണിഞ്ഞ സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും തുടർന്ന് യുവാവിനെ മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗിൽ പറഞ്ഞു.
തുടർന്ന് കോട്ടയിലെത്തിയ മറ്റ് വിനോദസഞ്ചാരികളെയും സംഘം തടഞ്ഞുനിർത്തി ‘അനുചിതമായ വസ്ത്രം’ ധരിച്ചുവെന്ന് ആരോപിച്ച് ചോദ്യം ചെയ്തെന്നാണ് പരാതി. വാക്കുതർക്കം പിന്നീട് ശാരീരിക ആക്രമണത്തിലേക്ക് മാറുകയായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും പോലും മർദനമേറ്റു. ഏകദേശം രണ്ട് മണിക്കൂറോളം സംഘത്തിന്റെ ഭീഷണിയും ആക്രമണവും തുടർന്നതോടെ കോട്ടയിലെത്തിയ നിരവധി വിനോദസഞ്ചാരികൾ ഭീതിയിലായി.
ആക്രമണം നടത്തിയവർ തങ്ങൾ ‘ഫോർട്ട് കൺസർവേഷൻ സൊസൈറ്റി’യിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടതായാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ ഹവേലി പോലീസ് ഒൻപത് പേർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.
കോട്ടകളുടെ സംരക്ഷണവും ശുചീകരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതായി അവകാശപ്പെടുന്ന ചില സ്വയം പ്രഖ്യാപിത ‘കോട്ട സംരക്ഷണ’ സംഘങ്ങൾക്കെതിരെ അടുത്തിടെ സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കോട്ടകളുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിന്റെ പേരിൽ ഇത്തരം സംഘങ്ങൾ സ്വന്തം നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും സന്ദർശകരുടെ വസ്ത്രധാരണവും പെരുമാറ്റവും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി പ്രദേശവാസികളും വിനോദസഞ്ചാരികളും ആരോപിക്കുന്നു.
ALSO READ: മുംബൈ 3.0 വരുന്നു; 4,000 കോടി രൂപയുടെ മെഗാ സിറ്റി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





