16
Apr 2023
Sat
16 Apr 2023 Sat

ബംഗളുരു: കർണാടകയിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ തൂക്കു സഭയാണുണ്ടാകുകയെന്ന പ്രവചനവുമായി ജൻ കി ബാത് അഭിപ്രായ സർവ്വേ. 98 മുതൽ 109 വരെ സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സർവ്വേ പ്രവചിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 ലെ തെരഞ്ഞെടുപ്പിൽ 80 സീറ്റ് നേടിയിരുന്ന കോൺഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തി 89 മുതൽ 97 വരെ സീറ്റ് നേടും. തനിച്ച് മത്സരിക്കുന്ന ജെ ഡി എസിനാണ് നഷ്ടമുണ്ടാകുക. കഴിഞ്ഞ തവണ നേടിയ 37 സീറ്റ് ഇത്തവണ 25 മുതൽ 29വരെ ആയി കുറയുമെന്നാണ് പ്രവചനം. സ്വതന്ത്രർക്ക് പരമാവധി ഒരു സീറ്റ് ലഭിക്കും. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമായ 113 എന്ന അക്കത്തിലേക്ക് ഒറ്റയക്ക് ഒരു കക്ഷിക്കും എത്താനാകില്ലെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പിന് ശേഷം കൂട്ടുകക്ഷി സഖ്യം രൂപപ്പെടാൻ സാധ്യതയുണ്ട്.

മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ട്. പഴയ മൈസൂരു മേഖലയിൽ ഒഴികെ മറ്റെല്ലായിടത്തും ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് നേരിട്ട് ഏറ്റുമുട്ടൽ നടക്കുക. മൈസുരു മേഖലയിൽ ജെഡിഎസിന് കാര്യമായ സ്വാധീനമുള്ളതിനാൽ ത്രികോണ മത്സരമായിരിക്കുമെന്നാണ് പ്രവചനം.

നേരത്തെ കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി – സി വോട്ടർ പ്രവചിച്ചത്. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകളിൽ വിജയിക്കുമെന്നായിരുന്നു എബിപി – സി വോട്ടർ സർവ്വേ ഫലം. ബിജെപി 68 മുതൽ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാർട്ടിയായ ജെഡിഎസ് 23 മുതൽ 35 സീറ്റുകളിൽ വിജയം നേടും. മറ്റുള്ളവർക്ക് പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനം വിശദമാക്കിയിരുന്നു. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോൺഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവർ ഏഴ് ശതമാനം വോട്ട് നേടുമെന്നും സർവ്വേ ഫലം പ്രവചിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക