ലഖ്നൗ: സമാജ് വാദി പാർട്ടി മുൻ എം.പി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവച്ചുകൊന്നയാൾക്ക് ജേണലിസത്തിൽ ക്രാഷ് കോഴ്‌സ് ലഭിച്ചു. കേസിലെ മുഖ്യപ്രതിയായ ലവ്ലേഷ് തിവാരിക്ക് ‘റിപ്പോർട്ടിങ്’ പരിശീലനം നൽകിയ മൂന്നുപേരെ ഉത്തർപ്രദേശിലെ ബാംദയിൽനിന്ന് പോലീസ് പിടികൂടി. കസ്റ്റഡിയിലുള്ള മൂന്നുപേരും ഒരു പ്രാദേശിക വാർത്താ വെബ്സൈറ്റിന് വേണ്ടി ജോലിചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് മൂവരും പ്രതിക്ക് പരിശീലനം നൽകിയത്. ക്യാമറ വാങ്ങാനും ഇവർ തിവാരിയെ സഹായിച്ചു. മൂവരെയും ബാംദ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
|
മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയാണ് മൂന്ന് പ്രതികളും ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പ്രയാഗ് രാജിലെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആതിഖും അഷ്റഫും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിനിടെയാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന സ്ഥലത്തുണ്ടായിരുന്ന അക്രമികൾ ഇവർക്ക് നേരേ വെടിയുതിർത്തത്. കൊലപാതകത്തിൽ സണ്ണി സിങ്, അരുൺ മൗര്യ, ലവ് ലേഷ് തിവാരി എന്നീ മൂന്നുപേരാണ് അറസ്റ്റിലായത്.
അതേസമയം, കൊലപാതകം നടന്നതിന് തലേദിവസം തന്നെ ആതിഖിനെ വധിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും സൂചനലഭിച്ചു. എന്നാൽ കനത്ത പൊലീസ് സുരക്ഷയെത്തുടർന്നാണ് കൃത്യം നടക്കാതെ പോയതെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ഉപയോഗിച്ച ഇന്ത്യയിൽ നിരോധിച്ച തുർക്കിഷ് പിസ്റ്റൾ, പ്രതികളിലൊരാളായ സണ്ണി സിങ്ങിന് 2021 ൽ ഗുണ്ടാനേതാവിൽ നിന്നും ലഭിച്ചതാണ്. ഇയാൾ ആ വർഷം ഡിസംബറിൽ മരിച്ചു പോയതായും സണ്ണി സിങ് പൊലീസിനോട് പറഞ്ഞു. പ്രതികളുടെ കയ്യിൽ നിന്നും ഇന്ത്യയിൽ നിരോധിച്ച തുർക്കിഷ് സിഗാന പിസ്റ്റളുകൾ കണ്ടെടുത്തിരുന്നു.





