18
May 2023
Tue
18 May 2023 Tue

ലാഹോർ: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ് രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) അധ്യക്ഷനുമായ ഇംറാൻ ഖാനെ അഴിമതിക്കേസ് ആരോപിച്ച് അറസ്റ്റ്‌ചെയ്തതിന് പിന്നാലെ രാജ്യത്ത് വ്യാപക അക്രമം. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പി.ടി.ഐ പ്രവർത്തകർ ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡറുടെ വസതിയിലും പ്രതിഷേധക്കാർ കടന്നു. പലയിടങ്ങളിലും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിഷേധക്കാരെ നേരിടാൻ ഇസ്ലാമാബാദ്, ബലൂചിസ്താൻ ഉൾപ്പെടെ നിരവധി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ലഹോറിലെ സൈനിക കമാൻഡറുടെ വീടിന് പി.ടി.ഐ പ്രവർത്തകർ തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ക്വറ്റ നഗരത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നിർദേശം നൽകി. ഫൈസലാബാദിലും ക്വറ്റയിലും പി.ടി.ഐ പ്രവർത്തകർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി.

ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെതന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൂട്ടംകൂടുന്നതിനും മറ്റും ഇസ്ലാമാബാദിൽ വിലക്കേർപ്പെടുത്തിയിട്ടും ഇമ്രാന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ലഹോർ, പെഷാവർ, കറാച്ചി, ഗിൽജിത്, കാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

ഇസ്ലാമാബാദിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി പരിസരത്ത് വച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതിനെ ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമീർ ഫാറൂഖ് വിമർശിച്ചു. കോടതിയുടെ പാർക്കിങ് സ്ഥലവും ഹൈക്കോടതി മുറി പോലെ തന്നെ പരിഗണിക്കണമെന്ന് അഡീഷനൽ അറ്റോർണി ജനറലും പ്രതികരിച്ചു. എത്രയും വേഗം ഇമ്രാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുന്നതിനാണ് പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) തീരുമാനം.