16
May 2023
Thu
16 May 2023 Thu

നടന്‍ പൃഥ്വിരാജ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പിഴയായി 25 കോടി അടച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയ വീണ്ടും പെട്ടു. വാര്‍ത്തയിലെ ആരോപണം വ്യാജമാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് തന്നെ രംഗത്തെത്തി. തനിക്കെതിരെ കള്ളവാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. വാര്‍ത്ത അസത്യവും അടിസ്ഥാന രഹിതവും അധിക്ഷേപകരവുമാണെന്ന് നടന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഇ.ഡി സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25 കോടി അടച്ചെന്നും ‘പ്രൊപഗണ്ട’ സിനിമകള്‍ നിര്‍മിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീര്‍ത്തിപരവും വ്യാജവുമായ വാര്‍ത്ത മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണം തീര്‍ത്തും അസത്യവും അധിക്ഷേപകരവും അടിസ്ഥാന രഹിതവുമാണ്’- നടന്‍ പറഞ്ഞു.

‘വർത്തമാനകാലത്ത് മാധ്യമ ധാർമികത
അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’- നടന്‍ വിശദമാക്കി. താൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടയ്ക്കേണ്ടിവന്നിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഇത് മൂന്നാം തവണയാണ് വ്യാജ വാര്‍ത്തയുടെ പേരില്‍ പ്രമുഖരായ ആളുകള്‍ മറുനാടന്‍ ഷാജനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. നേരത്തെ, തനിക്കെതിരായ വ്യാജവും അപകീര്‍ത്തിപരവുമായ വാര്‍ത്തയ്ക്കെതിരെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസുഫലിയാണ് മറുനാടന്‍ ഷാജനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

10 കോടി രൂപയുടെ മാനനഷ്ടക്കേസാണ് യൂസുഫലി നല്‍കിയത്. ഷുക്കൂര്‍ വക്കീല്‍ ചെയ്തതുപോലെ എം എ യൂസുഫലി ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം ചെയ്‌തെന്ന വ്യാജ ആരോപണത്തിലായിരുന്നു യൂസുഫലി ഷാജന്‍ സ്‌കറിയയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇതോടെ ശരിക്കും പെട്ട ഷാജന്‍ സ്‌കറിയ പിന്നാലെ
മാപ്പു പറയുകയും പരസ്യമായി തന്റെ വാക്കുകള്‍ തിരുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതുകൊണ്ടും തീര്‍ന്നില്ല. ലഖ്‌നൗ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ഷാജന്‍ സ്‌കറിയയ്ക്ക് സമന്‍സും ലഭിച്ചിരുന്നു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരേ ഉന്നയിച്ച കള്ളപ്പണ ആരോപണത്തിലായിരുന്നു നടപടി. ലഖ്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് സമന്‍സ് അയച്ചത്.

ഷാജന്‍ സ്‌കറിയയ്ക്കു പുറമെ മറുനാടന്‍ മലയാളി സി.ഇ.ഒ ആന്‍മേരി ജോര്‍ജ്, ഗ്രൂപ്പ് എഡിറ്റര്‍ എം. റിജു എന്നിവര്‍ക്കും കോടതി സമന്‍സയച്ചു. ജൂണ്‍ ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. ലഖ്‌നൗവിലെ ലുലു മാള്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസിലായിരുന്നു സമന്‍സ്.