ഇസ്തംബൂൾ: തുർക്കിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റജബ് ത്വയ്യിബ് എർദുഗാന് തിരിച്ചടി. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചില്ല. ആർക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിക്കാതിരുന്നതോടെ കൂടുതൽ വോട്ട് ലഭിച്ച രണ്ടുപേർ തമ്മിൽ രണ്ടാംറൗണ്ടിൽ (റൺ ഓഫ്) പോരാടും.
|
49.4 ശതമാനം വോട്ടു നേടി എർദുഗാനാണ് മുന്നിലുള്ളത്. മുഖ്യ എതിർ സ്ഥാനാർഥി കെമാൽ കിലിക്ദരോഗ്ലുവിന് 45.0 ശതമാനം വോട്ട് ലഭിച്ചു. മറ്റുള്ളവർക്ക് 5.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആർക്കും കേവല ഭൂരിപക്ഷം നേടാനാകാതെ വന്നാൽ ഈമാസം 28ന് റൺ ഓഫ് നടക്കും. എർദുഗാനും കിലിക്ദരോഗ്ലുവും തമ്മിലായിരിക്കും മത്സരം.
പാർലമെന്റിലെ 600 സീറ്റിലേക്ക് 24 രാഷ്ട്രീയ പാർട്ടികളും 151 സ്വതന്ത്ര സ്ഥാനാർഥികളുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആറു പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന നേഷൻ അലയൻസിനെ പ്രതിനിധാനം ചെയ്താണ് കിലിക്ദരോഗ്ലു മത്സര രംഗത്തെത്തിയത്. 2014 മുതൽ അധികാരത്തിൽ തുടരുന്ന എർദുഗാന് പ്രതിപക്ഷം കടുത്ത വെല്ലുവിളി ഉയർത്തിയ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സമാപിച്ചത്.
85.14 ശതമാനം പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പുതിയ പ്രസിഡന്റിനെയും പാർലമെന്റിനെയും തെരഞ്ഞെടുക്കാൻ 6.4 കോടി പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. രാവിലെ മുതൽതന്നെ വോട്ടർമാരുടെ നീണ്ടനിര പോളിങ് ബൂത്തുകളിൽ പ്രത്യക്ഷപ്പെട്ടു. 2016ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം എർദുഗാൻ ഏറ്റെടുത്ത മിക്ക അധികാരങ്ങളും തെരഞ്ഞെടുക്കപ്പെട്ടാൽ ഒഴിവാക്കുമെന്ന് മുഖ്യ പ്രതിപക്ഷ സ്ഥാനാർഥി കെമാൽ കിലിക്ദരോഗ്ലു പ്രഖ്യാപിച്ചിട്ടുണ്ട്.


