വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യു.എസ് സന്ദർശിക്കാനിരിക്കെ, ഇന്ത്യയിലെ മത സ്വതന്ത്ര്യവും മുസ്ലിംകൾക്ക് നേരെയുള്ള വനിദ്വേഷപ്രസംഗങ്ങളും ബുൾഡോസർ രാജും ചർച്ചയാക്കി യുഎസ് വിദേശകാര്യവകുപ്പ്.
|
ലോകമൊട്ടാകെ മതസ്വാതന്ത്ര്യത്തിനു എതിരെ നടക്കുന്ന അക്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ സ്ഥിതിവിശേഷം യുഎസ് വിദേശകാര്യവകുപ്പ് ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിൽ നിയമപാലകർ മത ന്യൂനപക്ഷങ്ങൾക്കെതിരെ പല സംസ്ഥാനങ്ങളിൽ നടത്തുന്ന അക്രമങ്ങളുടെ വിശദാംശങ്ങൾ യുഎസ് വിദേശകാര്യ വകുപ്പ് 2022ലെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പുരോഗതി ഉണ്ടെങ്കിലും അക്രമങ്ങൾ തുടരുന്നുണ്ടെന്നു റിപ്പോർട്ട് പുറത്തു വിട്ടു വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
‘പലപ്പോഴും വളരെ അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവണതകൾ വർധിച്ചു വരികയാണ്. ഇന്ത്യയിൽ ക്രിസ്ത്യാനികൾ, മുസ്ലിംകൾ, സിക്കുകാർ, ഹിന്ദു ദളിതർ, ആദിവാസികൾ തുടങ്ങിയവർക്കെതിരെ തുടർച്ചയായി ലക്ഷ്യം വച്ചുള്ള അക്രമം നടക്കുന്നു. മനുഷ്യത്വത്തിനു നിരക്കാത്ത രൂക്ഷ ഭാഷ ഉപയോഗിക്കുന്നു. മുസ്ലിംകളെ വംശഹത്യ നടത്താൻ പരസ്യമായി ആഹ്വാനം ചെയ്യുന്നു. ആൾക്കൂട്ട കൊല, മറ്റു വിദ്വേഷ അതിക്രമങ്ങൾ, ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണം, ഇവയൊക്കെ പതിവാണ്. അക്രമികൾക്കു പലപ്പോഴും സംരക്ഷണം ലഭിക്കുന്നുമുണ്ട്. ‘സർക്കാർ തലത്തിൽ ചില മതങ്ങളുടെ വസ്ത്രധാരണ രീതിക്കെതിരെ നിയന്ത്രണം കൊണ്ടുവന്നതും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 2021 ഡിസംബറിൽ ധർമ സൻസദ് എന്ന പേരിൽ ഹരിദ്വാറിൽ നടന്ന ത്രിദിന സമ്മേളനത്തിൽ മുസ്ലിങ്ങൾക്കെതിരെ ആയുധമെടുക്കാനുള്ള ആഹ്വാനം ഉണ്ടായതും റിപ്പോർട്ടിൽ ഉണ്ട്.
റഷ്യ, ചൈന, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെയും റിപ്പോർട്ടിൽ വിമർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ മതസ്വാതന്ത്ര്യ ധ്വംസനം യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ടുകളിൽ മുൻപും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യങ്ങൾക്കുള്ള യുഎസ് കമ്മിഷനും ഇന്ത്യയെ അതിനിശിതമായി വിമർശിച്ചിരുന്നു.
ജൂൺ 22നാണ് യു.എസിൽ മോദി സർശനം നടത്തുന്നത്. അത്താഴവിരുന്നുൾപ്പെടെ ഒരുക്കി പ്രസിഡന്റ് ജോ ബൈഡൻ മോദിയെ സ്വീകരിക്കുമെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. സന്ദർശനം ഇരുരാജ്യങ്ങളുടെയും ആഴത്തിലുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുമെന്ന് വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കാരിൻ ജീൻ പിയറി പ്രസ്താവനയിൽ പറഞ്ഞു.


