തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്ന് ആക്ഷേപം. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നൽകി. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിൻറ പേര് നൽകിയത്. എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയത്. ഇതേ കോളജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർഥിയാണ് എ.വിശാഖ്. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആൾമാറാട്ടം നടത്തിയതെന്നാണ് കെഎസ്യു ആരോപിക്കുന്നത്.
|
ഡിസംബർ 12 ന് കോളജിൽ നടന്ന യുയുസി തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പാനലിൽ നിന്നും ആരോമൽ, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാൽ കോളജിൽ നിന്നും സർവകലാശാലയിലേക്ക് യുയുസിമാരുടെ പേരു നൽകിയപ്പോൾ, അനഘയ്ക്ക് പകരം സംഘടനാ നേതാവായ ആൺകുട്ടിയുടെ പേര് നൽകുകയായിരുന്നു. കോളജിലെ ബിഎസ് സി ഒന്നാംവർഷ വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് അനയ്ക്ക് പകരം നൽകിയത്. എസ് എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽ നിന്നാണ് വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സർവകലാശാല ചെയർമാൻ ആക്കുക ലക്ഷ്യമിട്ടാണ് ആൾമാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. സിപിഎമ്മിലെയും എസ്എഫ്ഐയിലേയും ചില നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. 26 നാണ് സർവകലാശാല യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവാദമായതോടെ സംഭവത്തിൽ പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടാൻ കേരള സർവകലാശാല തീരുമാനിച്ചു.





