മുംബൈയിലെ ചെമ്പൂരില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം മറിഞ്ഞുവീണ് പതിനൊന്ന് വയസ്സുകാരന്‍ മരിച്ചു. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
|
ചെമ്പൂരിലെ റോഡ് നമ്പര്‍ 11-ല്‍ വെച്ചായിരുന്നു അപകടം. ഈ സമയം ബസില്‍ 12 കുട്ടികളുണ്ടായിരുന്നു. ബസ് കണ്ടക്ടറും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ സമയോചിതമായ രക്ഷാപ്രവര്‍ത്തനമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് തന്നെ കുട്ടികളെ ബസിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചു.
പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെയും ഉടന്‍ തന്നെ അടുത്തുള്ള സെന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഗുരുതരമായി പരിക്കേറ്റ 11 വയസ്സുകാരന്‍ വിഹാന്‍ ശ്രീവാസ്തവ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് നാല് കുട്ടികളുടെ നില തൃപ്തികരമാണെന്നും അവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേയുള്ളൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുംബൈ മേയര്‍ റിതു താവ്‌ഡെ ആശുപത്രിയിലെത്തി കുട്ടികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
‘അങ്ങേയറ്റം വേദനാജനകമായ സംഭവമാണിത്. ഒരു അമ്മയെന്ന നിലയിലാണ് ഞാന്‍ ഇവിടെയെത്തിയത്. മാതാപിതാക്കള്‍ക്ക് ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു. യൂണിവേഴ്‌സല്‍ സ്‌കൂളിന്റെ ബസില്‍ 13 കുട്ടികളാണുണ്ടായിരുന്നത്. അതില്‍ 12 പേര്‍ സുരക്ഷിതരാണ്, എന്നാല്‍ ഒരു കുട്ടിക്ക് ജീവന്‍ നഷ്ടമായി,’ മേയര്‍ പറഞ്ഞു.
റോഡിലെ മരങ്ങളുടെയെല്ലാം ചില്ലകള്‍ വെട്ടിമാറ്റിയിരുന്നതായാണ് ബിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (BMC) അവകാശപ്പെടുന്നത്. എന്നാല്‍ അപകടാവസ്ഥയിലുള്ള മരങ്ങളെക്കുറിച്ച് തങ്ങള്‍ പരാതിപ്പെട്ടിരുന്നതായി പ്രദേശവാസികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പഴയ മരങ്ങളുടെ കൃത്യമായ ഓഡിറ്റിംഗ് വേണമെന്നത് തങ്ങളുടെ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭരണകൂടത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിക്കില്ലെന്നും, പ്രദേശവാസികളുടെ പരാതികള്‍ അവഗണിക്കപ്പെട്ടതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ ഉറപ്പുനല്‍കി.
അതേസമയം, അപകടത്തിന് കാരണമായ മരങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് മുന്‍പും ബി.എം.സിക്ക് നിരവധി തവണ കത്തുകള്‍ നല്‍കിയിരുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. മുന്‍പും ഈ പ്രദേശത്ത് സമാനമായ രീതിയില്‍ മരം വീണ് അപകടമുണ്ടായിട്ടുണ്ടെന്നും, മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും ജനങ്ങള്‍ പറയുന്നു.
ഇതിനിടെ, മുംബൈയിലും പരിസരപ്രദേശങ്ങളിലും ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
11-Year-Old Student Dies, 4 Injured After Tree Falls On Mumbai School Bus




