02
May 2023
Thu
02 May 2023 Thu

ന്യൂഡൽഹി: മികച്ച ഭൂരിപക്ഷത്തോടെ കർണാടകയിൽ അധികാരം ലഭിച്ചെങ്കിലും അഞ്ചുദിവസം നീണ്ട തർക്കത്തിനൊടുവിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള അടി പരിഹരിച്ച ആശ്വാസത്തിലാണ് ഹൈക്കമാൻഡ്. എന്നാൽ കാലങ്ങളായി തുടരുന്ന രാജസ്ഥാൻ കോൺഗ്രസിലെ അടി തീർക്കുകയാണ് ഇനി ഹൈക്കമാൻഡ് മുന്നിലുള്ള വലിയ വെല്ലുവിളി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ സചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിൽ തുടരുന്ന തർക്കം ദിവസങ്ങളായി വഷളായിട്ടുണ്ട്. ഒരുവേള പൈലറ്റ് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പോർമുഖം തുറന്ന സചിൻ പൈലറ്റിനെ അനുനയിപ്പിക്കുകയെന്ന വലിയ വെല്ലുവിളിയാണ് മല്ലികാർജുൻ ഖാർഗെക്കും ഗാന്ധികുടുംബത്തിനും മുന്നിലുള്ളത്.

ഏറെക്കാലമായി ഇടഞ്ഞുനിൽക്കുന്ന സചിൻ പൈലറ്റിനെ മെരുക്കിയെടുക്കൽ കർണാടകയിലെ പ്രശ്‌നപരിഹാരത്തേക്കാൾ വലിയ ടാസ്‌കാവും ഹൈകമാൻഡിനെന്നാണ് വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസ് പാർട്ടിക്കും മുഖ്യമന്ത്രിക്കും കനത്ത വെല്ലുവിളിയുയർത്തി സചിൻ പൈലറ്റ് രംഗത്തെത്തിയത്. ഏറ്റവുമൊടുവിലായി, തങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ പരിഹാരം കാണാൻ 15 ദിവസത്തെ അന്ത്യശാസനം നൽകിയിരിക്കുകയാണ് പൈലറ്റ്.

സംസ്ഥാന സർക്കാർ അഴിമതിക്കെതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി ‘ജൻ സംഘർഷ് യാത്ര’ സംഘടിപ്പിച്ച് സചിൻ പൈലറ്റ് നേതൃത്വത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് പൈലറ്റ് ഉന്നയിക്കുന്നത്. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷനെ പിരിച്ചുവിട്ട് മാറ്റങ്ങളോടെ പുനഃസംഘടിപ്പിക്കണമെന്നാണ് ഒന്നാമത്തെ ആവശ്യം.
പരീക്ഷ പേപ്പർ ചോർന്ന സാഹചര്യത്തിൽ റിക്രൂട്ട്മെന്റ് പരീക്ഷകൾ റദ്ദാക്കിയതിന് യുവാക്കൾക്ക് പ്രതിഫലം നൽകണം. അഴിമതി ആരോപണത്തിൽ മുൻ വസുന്ധര രാജെ സർക്കാരിനെതിരെ അന്വേഷണം പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളാണ് സച്ചിൻ പൈലറ്റ് ഉന്നയിച്ചിരിക്കുന്നത്. മേയ് 11ന് അജ്മീറിൽ നിന്നും ആരംഭിച്ച ജൻ സംഘർഷ് പദയാത്ര ഒഴിവാക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സചിൻ പൈലറ്റ് അനുസരിച്ചിരുന്നില്ല.

2018ലെ തെരഞ്ഞെടുപ്പ് വിജയം മുതൽ തുടങ്ങിയതാണ് രാജസ്ഥാൻ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ. മുഖ്യമന്ത്രി സ്ഥാനം സചിനും ഗെഹ്ലോട്ടിനുമായി വീതിച്ചുനൽകാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ല എന്ന് ഗെഹ്ലോത് പറഞ്ഞതു പോലും സചിൻ പൈലറ്റ് മുഖ്യമന്ത്രിക്കസേരയിലെത്തുന്നത് തടയുന്നതിനായിരുന്നു.

ഈ വർഷം ഡിസംബറോടെയാണ് രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. അതുകൊണ്ട് തന്നെ ഇരുപക്ഷത്തെയും അനുനയിപ്പിച്ച് ഒന്നിച്ചുകൊണ്ടുപോവുകയെന്നത് കോൺഗ്രസിന് നിർണായകമാണ്.