കോട്ടയം: എരുമേലി കണമലയിൽ രണ്ട് പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവയ്ക്കാൻ ഉത്തരവ്. വനംവകുപ്പ് സംഘം ഉടൻ കണമലയിൽ എത്തും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.
|
ഇന്ന് രാവിലെയാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് രണ്ടു പേരെ കൊലപ്പെടുത്തിയത്. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് മരിച്ചത്. അയൽവാസികളാണ് ചാക്കോയും തോമസും.
രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചാക്കോയുടെ കാലുകൾ രണ്ടും ഒടിഞ്ഞ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
ഇതിനു പിന്നാലെയായിരുന്നു തോമസിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ തോമസും മരിച്ചു. പ്രദേശത്ത് ആനയടക്കമുള്ള മൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്തിന്റെ ആക്രമണം ഇതാദ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പ്രദേശത്ത് കാട്ടുപോത്ത് ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നുവെന്നും ഇവർ പറയുന്നു. ബഫർസോണുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളുണ്ടായിട്ടുള്ള പ്രദേശമാണിത്.
പുലർച്ചെയായതിനാൽ തന്നെ അധികമാളുകൾ പ്രദേശത്തില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കാർഷിക മേഖലയിലുള്ളവർ താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്.
അതിനിടെ കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രവാസി മരിച്ചു. ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്. കഴിഞ്ഞദിവസമാണ് സാമുവല്‍ ദുബായില്‍ നിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്ക്കുമ്പോള് വര്‍ഗീസിനെ കാട്ടുപോത്ത് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.





