01
Jul 2026
Wed
01 Jul 2026 Wed
kerala gold price down

Gold price  ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കി സ്വര്‍ണവില വീണ്ടും തകര്‍ന്നു. കേരളത്തില്‍ ഇന്നുരാവിലെ വില ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയായി. 920 രൂപ താഴ്ന്ന് 1,03,240 രൂപയാണ് പവന്‍വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

3240 രൂപ കൂടി കുറഞ്ഞാല്‍ പവന്‍വില ഒരുലക്ഷം രൂപയിലേക്ക് എത്തും. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില മാറിമറിയുന്നത്. ഇന്നലെ ഔണ്‍സിന് 3980 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്ന വില ഉച്ചയോടെ 4000ന് മുകളില്‍ എത്തിയിരുന്നു. ഇന്ന് വീണ്ടും 3970 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നത് കേരളത്തിലെ വില കുറയാനും വഴിയൊരുക്കി.

യുഎസും ഇറാനും തമ്മിലെ സമാധാനക്കരാര്‍ പാളിയതും യുദ്ധത്തിന് സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കിയതും ക്രൂഡോയില്‍ വില വീണ്ടും കൂടാനിടയാക്കിയിട്ടുണ്ട്. ഇതോടെ യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചു.

എണ്ണവില കൂടുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരാനും അടിസ്ഥാന പലിശനിരക്ക് വര്‍ധിക്കാനും ഇടയാക്കുമെന്ന വിലയിരുത്തലാണ് ഡോളറിന് കരുത്തായത്. ഡോളര്‍ മുന്നേറിയതോടെ സ്വര്‍ണം വാങ്ങുന്നത് പ്രയാസകരമായി. ഇത് ആഭരണം, നിക്ഷേപം എന്നീനിലകളില്‍ ഡിമാന്‍ഡിനെ ബാധിക്കുമെന്ന വിലയിരുത്തലാണ് സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം.

സ്വര്‍ണം വില്‍ക്കാന്‍ തിരക്ക്

ലോകത്തെ ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഇറക്കുമതി ഡിമാന്‍ഡ് കുറഞ്ഞതും വിലകുറയുമെന്ന ഭീതിയില്‍ കൈവശമുള്ള പഴയ സ്വര്‍ണം വിറ്റഴിച്ച് പണമാക്കാന്‍ ജനങ്ങള്‍ തിരക്കുകൂട്ടുന്നതും വിലയെ താഴേക്ക് നയിക്കുന്ന മറ്റൊരുഘടകമാണ്. നിലവിലെ ട്രെന്‍ഡ് തുടരുകയും രാജ്യാന്തരവില 3900 ഡോളര്‍ എന്ന പ്രതിരോധനിരക്കിന് താഴെ എത്തുകയും ചെയ്താല്‍ സ്വര്‍ണവില കനത്ത തകര്‍ച്ചതന്നെ നേരിടുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍വില 85,000-90,000 രൂപ നിലവാരത്തിലേക്ക് താഴാം.

മറിച്ച്, സ്വര്‍ണം കരുത്ത് വീണ്ടെടുക്കുകയും രാജ്യാന്തര വില 4250 ഡോളര്‍ ഭേദിക്കുകയും ചെയ്താല്‍ കാത്തിരിക്കുന്നത് വന്‍ മുന്നറ്റവുമായിരിക്കും. പവന്‍വില അതോടെ 1,10,000 രൂപനിരക്കിന് മുകളിലുമെത്താം. കേരളത്തില്‍ ഇന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 95 രൂപ ഇടിഞ്ഞ് 10,660 രൂപയായി. എന്നാല്‍, വെള്ളിവില കൂടി; ഗ്രാമിന് 5 രൂപ വര്‍ധിച്ച് 240 രൂപ.

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ) 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ കുറച്ച് 10,610 രൂപയാക്കി. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 240 രൂപ. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 8260 രൂപയിലെത്തി. ഗ്രാമിന് 45 രൂപ താഴ്ന്ന് 5330 രൂപയിലാണ് 9 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം.

രാജ്യാന്തര സ്വര്‍ണവില ഇന്നലെ കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ചയിലേക്കാണ് വീണത്. ജൂണില്‍ മാത്രം 11.2% വിലയിടിവുണ്ടായി. 2013ന് ശേഷം രാജ്യാന്തര സ്വര്‍ണവില ഏറ്റവുമധികം നഷ്ടം നേരിട്ട ത്രൈമാസവുമാണ് (ഏപ്രില്‍-ജൂണ്‍) കടന്നുപോയത്. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാന്‍ 67% സാധ്യതയുണ്ടെന്നാണ് പുതിയ സര്‍വേകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ സ്വര്‍ണവിലയെ കാത്തിരിക്കുന്നത് വീഴ്ചയുടെ കാലമായിരിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

Gold price falls sharply in Kerala today