01
Jul 2026
Wed
01 Jul 2026 Wed
vigneswari

വിഴിഞ്ഞത്ത് യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്‌നേശ്വരി (27) യാണ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍ കല ദമ്പതികളുടെ മകളാണ് വിഘ്‌നേശ്വരി. ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്ധ്യയോടെ ഭര്‍തൃപിതാവ് ചന്ദ്രന്‍ വീട്ടിലെത്തിയപ്പോള്‍ വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. വിഘ്‌നേശ്വരിയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കിയപ്പോഴാണ് വിഘ്‌നേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

രണ്ട് ദിവസം മുന്‍പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികമെന്നും മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, വിഘേനേശ്വരി ഭര്‍തൃവീട്ടില്‍ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.

മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിക്കാന്‍ വിഘ്‌നേശ്വരിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.