14
May 2023
Sun
14 May 2023 Sun

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിലെ വിവേചനം വീണ്ടും ചർച്ചയാകുന്നു. മലപ്പുറം ജില്ലയിൽ മാത്രം കാൽലക്ഷത്തോളം സീറ്റുകളുടെ കുറവ് ഉണ്ടാകുമ്പോൾ തെക്കൻ ജില്ലകളിൽ എസ്എസ്എൽസി വിജയിച്ച കുട്ടികളുടെ എണ്ണത്തെക്കാൾ സീറ്റുകൾ ആണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലബാറിൽ ഇത്തവണ 2,25,702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 1,95,050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30,652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ പഠനം പൂർത്തിയാക്കിയ കുട്ടികളിൽ കുറച്ച് പേരെങ്കിലും സ്റ്റേറ്റ് സിലബസിലേക്ക് മാറാറുണ്ട്. അങ്ങനെ വരുമ്പോൾ സീറ്റ് ക്ഷാമം പിന്നെയും കൂടും. മികച്ച ഗ്രേഡ് നേടിയവർക്ക് പോലും ഇഷ്ടവിഷയത്തിന് പഠിക്കാൻ കഴിയാത്ത അവസ്ഥയാണ് മലബാറിലുള്ളത്.

മലപ്പുറം ജില്ലയിലാണ് സീറ്റിന് വലിയ ക്ഷാമം നേരിടുക. ഇവിടെ കാൽലക്ഷത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി വിജയിച്ചത് 77,827 പേരാണ്. സർക്കാർ ,എയ്ഡഡ് സ്‌കൂളുകളിലായി ആകെ ഉള്ളത് 41950 സീറ്റുകൾ മാത്രമാണ്. 11,300 അൺ എയ്ഡഡ് സീറ്റുകൾ കൂടെ ചേർന്നാൽ ആകെ 53,250 സീറ്റുകളാണുള്ളത്. താൽക്കാലിക ബാച്ചുകളും ,വിഎച്ച്‌സി, ഐടിഐ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും 20,000 വിദ്യാർത്ഥികൾ പുറത്താകും.

സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ കമ്മിറ്റി മലബാറിൽ 150 ഹയർസെക്കണ്ടറി അധിക ബാച്ചുകൾ വേണമെന്നാണ് സർക്കാരിന് നൽകിയ ശുപാർശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിർദേശം. എന്നാൽ സ്‌കൂളുകളിൽ സൗകര്യമൊരുക്കുന്നത് അടക്കമുള്ള പ്രതിസന്ധികൾ കാരണം ഈ നിർദേശങ്ങൾ നടപ്പാക്കുകയെന്നത് എളുപ്പമല്ല.

സീറ്റുകളുടെ വ്യത്യാസം
തിരുവനന്തപുരം: 2417 സീറ്റ് കുറവ്.
കൊല്ലം: 3549 കുറവ്.
പത്തനംതിട്ട: 4706 കൂടുതൽ.
ആലപ്പുഴ: 1287 കൂടുതൽ.
കോട്ടയം: 3364 കൂടുതൽ.
ഇടുക്കി: 616 കൂടുതൽ.
എറണാകുളം: 1105 കൂടുതൽ.
തൃശൂർ: 1487 കുറവ്.
പാലക്കാട്: 7494 കുറവ്.
മലപ്പുറം: 24,577 കുറവ്.
കോഴിക്കോട്: 9190 കുറവ്.
വയനാട്: 2850 കുറവ്.
കണ്ണൂർ: 10925 കുറവ്.
കാസർകോഡ്: 5216 കുറവ്.