|
ന്യൂഡൽഹി: വിഖ്യാത കവിയും ചിന്തകനുമായ അല്ലാമ മുഹമ്മദ് ഇഖ്ബാലും സിലബസിൽനിന്ന് പുറത്തേക്ക്. ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം സിലബസിൽ നിന്ന് ഒഴിവാക്കാൻ ഡൽഹി യൂനിവേഴ്‌സിറ്റിയുടെ തീരുമാനം. ഇതു സംബന്ധിച്ച പ്രമേയം വെള്ളിയാഴ്ച ഡൽഹി യൂനിവേഴ്‌സിറ്റി അക്കാദമിക കൗൺസിൽ പാസാക്കി. അക്കാദമിക് കൗൺസിലിന്റെ തീരുമാനം എക്‌സിക്യൂട്ടീവ് കൗൺസിൽ പരിഗണിക്കും. വിഖ്യാതമായ സാരെ ജഹാൻ സെ അച്ഛായുടെ രചയിതാവ് കൂടിയാണ് അല്ലാമ ഇഖ്ബാൽ.
ബി.എ ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് പഠിക്കാനുള്ള ‘മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്’ എന്ന അധ്യായത്തിലാണ് അല്ലാമ ഇഖ്ബാലിനെ കുറിച്ച് പഠിക്കാനുള്ളത്. ഇതാണ് ഒഴിവാക്കുന്നത്. എക്‌സിക്യൂട്ടീവ് കൗൺസിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ‘ഇഖ്ബാൽ: കമ്മ്യൂണിറ്റി’ എന്ന യൂണിറ്റാണ് അക്കാദമിക് കൗൺസിൽ മാറ്റാനൊരുങ്ങുന്നത്. 11 യൂനിറ്റുകളിലായി, പ്രധാന ദാർശനികരുടെ ആശയങ്ങൾ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജാ റാം മോഹൻ റോയി, പണ്ഡിറ്റ് രമാബായ്, സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, ഭീമറാവു അംബേദ്കർ എന്നിവരെ കുറിച്ചുള്ള അധ്യായങ്ങളും വിദ്യാർഥികൾക്ക് പഠിക്കാനുണ്ട്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈവിധ്യത്തെ കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകാനാണ് ഇത്തരമൊരു അധ്യായം ഉൾപ്പെടുത്തിയതെന്നാണ് സിലബസിന്റെ ആമുഖത്തിൽ പറയുന്നത്.
അതേസമയം, ഇഖ്ബാലിനെ ഒഴിവാക്കാനുള്ള നീക്കത്തെ എ.ബി.വി.പി സ്വാഗതം ചെയ്തു. ”പാകിസ്ഥാന്റെ ദാർശനിക പിതാവ് എന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിശേഷിപ്പിക്കുന്നത്. മുഹമ്മദ് അലി ജിന്നയെ മുസ്ലിം ലീഗിന്റെ നേതാവായി ഉയർത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യയുടെ വിഭജനത്തിന് ജിന്നയെ പോലെ മുഹമ്മദ് ഇഖ്ബാലിനും ഉത്തരവാദിത്തമുണ്ടെന്നാണ് എബിവിപി ആരോപിച്ചത്.
English: Poet Muhammad Allama Iqbal, Who Wrote ‘Saare Jahan Se Achha’, May Be Dropped From Syllabus


