ദുബയ്: ദുബയില്‍ മരിച്ച പ്രവാസി മലയാളി മുഹമ്മദ് ഹനീഫയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി അതിവേഗം നാട്ടിലെത്തിക്കാന്‍ ഇടപെട്ട് ദുബയ് ആര്‍ടിഎ. ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ഒന്നരപതിറ്റാണ്ടായി ജോലി നോക്കിയിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ കഴിഞ്ഞദിവസമാണ് നിര്യാതനായത്.
|
മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഹനീഫയ്‌ക്കൊപ്പം നില്‍ക്കാന്‍ മകന്‍ ദില്‍കാഷ് കഴിഞ്ഞദിവസം ദുബയിലെത്തിയിരുന്നു. എന്നാല്‍ ഹനീഫയുടെ പെട്ടെന്നുള്ള വേര്‍പാടിന്റെ വേദനയിലാണ്ട ദില്‍കാഷിനും കുടുംബത്തിനും തുണയായി ദുബയ് ആര്‍ടിഎഎയും എമിറേറ്റ്‌സ് എയര്‍ലൈനും രംഗത്തെത്തി. പിതാവിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന ദില്‍കാഷിന്റെ ആഗ്രഹത്തിനൊപ്പം ദുബയ് ആര്‍ടിഎ, എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ നടപടികള്‍ കൈക്കൊണ്ടതോടെയാണ് ഹനീഫയുടെ മൃതദേഹം അതിവേഗം നാട്ടിലെത്തിയത്.
ആര്‍ടിഎ ഡ്രൈവര്‍ കാര്യ വകുപ്പ് ഉദ്യോഗസ്ഥരായ ശൈഖ് റുമാന്‍, മാജിദ് മുഹമ്മദ് എന്നിവര്‍ ദില്‍കാഷിനെ ഫോണില്‍ വിളിച്ച് നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന ഉറപ്പു കൈമാറി. പിതാവിന്റെ മൃതദേഹത്തിനൊപ്പം ദില്‍കാഷിന് നാട്ടിലേക്ക് പോവുന്നതിനുള്ള സൗകര്യവും ഇരുവരും ഒരുക്കി നല്‍കി. സാമൂഹികപ്രവര്‍ത്തകരായ മൊയ്തീന്‍ വാടാനപ്പള്ളി, അലി, നൗഷാദ് അരീക്കോട്, കബീര്‍ പാലിയില്‍, ദില്‍ഷാദ്, ഷംസുദ്ദീന്‍, അബ്ദുല്‍ കരീം, ദില്‍കാഷ്, ഷബീര്‍ അലി ടിപിവി തുടങ്ങിയവരും നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പരിശ്രമിച്ചു.
ഉച്ചയ്ക്ക് മൂന്നിന് ഡ്യൂട്ടി അവസാനിച്ചെങ്കിലും രാത്രി 12 വരെ സജീവമായി നിന്നാണ് ശൈഖ് റുമാനും മാജിദ് മുഹമ്മദും പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ഓഫിസിനു കൈമാറിയത്. ആശുപത്രി, ആര്‍ടിഎ, പൊലീസ്, ഇമിഗ്രേഷന്‍, കോണ്‍സുലേറ്റ്, എംബാമിങ് യൂനിറ്റ്, എയര്‍ലൈന്‍ ഓഫിസ് തുടങ്ങി നിരവധി വകുപ്പുകളിലെ നടപടികള്‍ കേവലം 10 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് ഹനീഫയുടെ മൃതദേഹം അവര്‍ നാട്ടിലേക്കയച്ചത്. നാട്ടിലെത്തിച്ച മൃതദേഹം മറവുചെയ്തു.
എമിറേറ്റ്‌സ് എയര്‍ലൈന്റെ കൊമേഴ്‌സ്യല്‍ ഓപറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ആദില്‍ അല്‍ ഘൈതിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറി സഫിയ അലിയും ഇതിനായി പരിശ്രമിച്ചു. എമിറേറ്റ് മീഡിയ റിലേഷന്‍സ് മാനേജര്‍ ഹാതിം ഉമറും നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പങ്കാളിയായി.





