ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് നേതാവായ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞുനിൽക്കുന്ന മുന്‍ ഉപ മുഖ്യമന്ത്രി സചിൻ പൈലറ്റ് പാർട്ടി വിടുമെന്ന് സൂചന. പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണയായിട്ടുണ്ട്. പ്രാദേശിക പാർട്ടി പ്രഖ്യാപിക്കാനാണ് തീരുമാനം. സചിൻ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനമായ ജൂൺ 11 ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെനാണ് കരുതുന്നത്. പ്രഗതിശീൽ കോൺഗ്രസ് എന്നായിരിക്കും പാർട്ടിയുടെ പേരെന്നാണ് റിപ്പോർട്ട്.
|
സച്ചിൻ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനമാണ് ജൂൺ 11. അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം. ഗെല്ലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പല ശ്രമങ്ങളും നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ മെയ് 29ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുൻകൈയെടുത്തു ഇരുവരേയും ഒന്നിച്ചിരുത്തി സംസാരിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പിണക്കങ്ങൾ മറന്നു ഒറ്റക്കെട്ടായി നീങ്ങാനും ധാരണയിലെത്തിയിരുന്നു. അതിനിടെയാണ് സച്ചിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം ഐപാക് ആണ് സച്ചിന്റെ പാർട്ടി രൂപീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന റിപ്പോർട്ടുകളുണ്ട്. മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രിൽ 11നു സച്ചിൻ നടത്തിയ നിരാഹാര സമരവും കഴിഞ്ഞ മാസം അജ്മീറിൽ നിന്നു ജയ്പുർ വരെ സച്ചിൻ നടത്തിയ അഞ്ച് ദിവസത്തെ യാത്രയുടേയും സംഘാടകർ ഐപാക്കായിരുന്നു.





