|
ഹൈദരാബാദ്: വിവാഹത്തിന് നിർബന്ധിപ്പിച്ച കാമുകിയെ ക്ഷേത്ര പൂജാരി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളി. കുറുഗന്തി അപ്‌സര എന്ന യുവതിയെ കാമുകനും പൂജാരിയുമായ അയ്യഗരി വെങ്കട്ട് സൂര്യ സായ് കൃഷ്ണ(36) ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതനാണെന്ന് അറിഞ്ഞിട്ടും തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഇവരുടെ ബന്ധത്തെക്കുറിച്ച് എല്ലാവരോടും തുറന്നുപറയുമെന്ന് അപ്‌സര സായ് കൃഷ്ണയെ ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സരൂർനഗറിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ സായ്. സരൂർനഗർ സ്വദേശിയാണ് അപ്‌സര.
ജൂൺ മൂന്നിന് രാത്രി ഇയാൾ യുവതിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ ശേഷം കാറിൽ കയറ്റി സരൂർനഗർ പ്രദേശത്തെ മാൻഹോളിൽ തള്ളി. തുടർന്ന് യുവതിയുടെ അമ്മക്കൊപ്പമെത്തി യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വ്യാജപരാതി നൽകുകയും ചെയ്തു. ജൂണ് 6ന് രണ്ട് ലോറി മണ്ണ് കൊണ്ടു വന്ന് മാൻഹോൾ മൂടുകയും ചെയ്തു. യുവതിയുടെ ഹാൻഡ്ബാഗും മറ്റും വസ്തുക്കളും കത്തിച്ചുകളഞ്ഞ ശേഷം കാർ കഴുകി അപ്പാർട്ട്‌മെൻറിൽ പാർക്ക് ചെയ്യുകയായിരുന്നു.
അടുത്ത ദിവസം സ്ഥലത്തെത്തിയപ്പോൾ ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാൻഹോൾ കോൺക്രീറ്റ് ചെയ്യാൻ കുറച്ചു തൊഴിലാളികളെ ചുമതലപ്പെടുത്തി. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് പുറംലോകമറിയുന്നത്. സായ് കൃഷ്ണയുടെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ സിഗ്‌നലുകളും പരിശോധിച്ചപ്പോൾ പരാതിക്കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസിനു മനസിലായി. ചോദ്യം ചെയ്യലിൽ യുവതിയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിക്കുകയും ചെയ്തു.





