കൊച്ചി: വീട്ടു ജോലിക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോന്‍സനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതിയുടെ വിധി. മോന്സന് അഞ്ചേകാല്‍ ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു..
|
മോന്‍സനെതിരായ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അതിജീവിത പ്രതികരിച്ചു. മുഴുവന്‍ വകുപ്പുകളിലും മോന്സന് കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്സന് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ലഭിക്കാതിരുന്നത്.
രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് കേസ്. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.
പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ), ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയത്.





