ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലുണ്ടായ ദാരുണമായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം യാത്രക്കാരുമായി പോയ സ്ലീപ്പർ ബസ് ട്രെയിലറുമായി (വലിയ ട്രക്ക്) കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു.
|
കഴിഞ്ഞ ദിവസം പുലർച്ചെ 2:30ഓടെയാണ് സംഭവം. ഉത്തരാഖണ്ഡിലെ ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് അമിതവേഗതയിൽ പോവുകയായിരുന്നു ബസ്. ട്രെയിലറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. വലിയ രീതിയിൽ തീപടർന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ അപ്പർ ബർത്തുകളിലുണ്ടായിരുന്ന യാത്രക്കാർ താഴേക്ക് തെറിച്ചുവീണതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ അഞ്ച് പേർ പൊള്ളലേറ്റും രണ്ട് പേർ തലയ്ക്കേറ്റ ഗുരുതര പരിക്കു കാരണവുമാണ് മരണപ്പെട്ടത്. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ചികിത്സയ്ക്കായി ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബസിന്റെ അമിതവേഗതയും അപകടത്തിന്റെ ആഴം കൂട്ടി. അതേസമയം, ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്താൻ വൈകിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തീപിടിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനായതെന്നും ഇവർ പറയുന്നു. കൂടാതെ ബസിന്റെ സ്റ്റോറേജ് കമ്പാർട്ടുമെന്റിൽ വൻതോതിൽ സിഗരറ്റ് പാക്കറ്റുകൾ സൂക്ഷിച്ചിരുന്നതായും ഇതാണ് തീ അതിവേഗം പടരാൻ കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
7 Killed, 22 Injured As Bus Crashes, Catches Fire On Delhi-Mumbai Expressway





