സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാര ബന്ധമുള്ള എന്‍ ശേഷാദ്രിനാഥന്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു.
|
നിമയനത്തിന്റെ കോണ്‍ഗ്രസിനകത്ത് നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ കൂടുതല്‍ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം എന്ന് പറഞ്ഞ് കെ എം ഷാജി തടിയൂരി. നിയമനത്തിനെതിരായ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ എതിര്‍പ്പിന് പിന്നില്‍ കെ സി വേണുഗോപാല്‍ പക്ഷമാണെന്നും സൂചനയുണ്ട്. കെ സോമന്റെ പേരായിരുന്നു കെസി പക്ഷം നിര്‍ദേശിച്ചത്. എന്നാല്‍ ഇത് പരിഗണിച്ചില്ല.
അതിനിടെ ശേഷാദ്രിനാഥന്റെ നിയമന നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുകയാണ്. ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണും. തദ്ദേശ മന്ത്രി കെ എം ഷാജി നിയമനം ന്യായീകരിച്ച സാഹചര്യത്തിലാണ് പി എം നിയാസിന്റെ നിര്‍ണായക നീക്കം. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം അന്വേഷിക്കണമെന്ന് നിയാസ് ആവശ്യപ്പെട്ടും.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി
സംഘപരിവാര ബന്ധം വിവാദമായിതിന് പിന്നാലെ ശേഷാദ്രിനാഥന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. അദ്ദേഹത്തിന് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് എന്തിനാണ് പെട്ടെന്ന് അപ്രത്യക്ഷനായതെന്ന് നിയാസ് ചോദിച്ചു. സംഘ്പരിവാര്‍ ബന്ധമുള്ള വ്യക്തിയെയാണ് സുപ്രധാന പദവിയിലേക്ക് പരിഗണിക്കുന്നതെന്നും ഇത് ബി.ജെ.പിക്ക് അനുകൂലമായ രീതിയില്‍ വാര്‍ഡ് വിഭജനം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും നിയാസ് ആരോപിച്ചിരുന്നു. ഈ നീക്കം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കത്ത് നല്‍കി.
ALSO READ: ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി പിടിയില്‍
‘കേരളത്തിലെ ഏറ്റവും സുപ്രധാന പദവിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദവി. മറ്റൊരു പദവിയും പോലെയല്ല അത്. ഒരിക്കല്‍ ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ പിന്നെ അദ്ദേഹത്തെ അഞ്ചു വര്‍ഷത്തേക്ക് ഒരാള്‍ക്കും മാറ്റാന്‍ കഴിയില്ല. ഇമ്പീച്ച്‌മെന്റ് നടപടിയുമായി മുന്നോട്ടു പോകേണ്ടിവരും. ആ സുപ്രധാന പദവിയിലേക്ക് സംഘപരിവാര്‍ ബന്ധമുള്ള ഒരു വ്യക്തിയെ നിയമിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ ഇടപെടലുകള്‍ പോലും ഇത് ബോധ്യപ്പെടുത്തുമെന്ന് ഞാന്‍ പത്രങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായിരിക്കുകയാണ്. അദ്ദേഹം ഞങ്ങളുടെ കൂടെ അല്ല എന്നാണ് പല ബിജെപി കേന്ദ്രങ്ങളും പറയുന്നത്. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍, കൈ ശുദ്ധമാണെങ്കില്‍, എന്തുകൊണ്ട് ശേഷാദ്രിനാഥന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൂര്‍ണമായി അപ്രത്യക്ഷമായിരിക്കുന്നു?’ -നിയാസ് ചോദിച്ചു.
‘ആഭ്യന്തരമന്ത്രിയെ കണ്ട് ഇന്ന് ഞാന്‍ ഒരു വലിയ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷക്കാലമായി ജില്ലാ ജഡ്ജിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നയാളാണ് ശേഷാദ്രിനാഥന്‍. ലക്ഷദ്വീപില്‍ അടക്കം സേവനംചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ കുറിച്ചും കഴിഞ്ഞകാല സമൂഹമാധ്യമ ഇടപെടലുകളെ കുറിച്ചും ബന്ധങ്ങളെകുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുവാനും, അവയുടെ കോപ്പി ഇതൊന്നും ബോധ്യപ്പെടാത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നല്‍കുവാനുമാണ് ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ല ജഡ്ജിയെ കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും മാസവും ദിവസവും ഉണ്ടാകുന്നതാണ്. ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും കെ എം ഷാജിക്ക് നല്‍കണം എന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിലും വകുപ്പ് മന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടട്ടെ.
വിദ്യാര്‍ഥി കാലഘട്ടത്തില്‍ എസ്.എഫ്.ഐ നേതാവായിരുന്ന ഇദ്ദേഹം പിന്നീട് സംഘ്പരിവാര്‍ പാളയത്തിലേക്ക് അടുക്കുകയായിരുന്നുവെന്ന് പി.എം. നിയാസ് ഹൈകമാന്‍ഡിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത, എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ചായ്വുള്ള ഒരാളെ ഇത്തരം നിര്‍ണായക തസ്തികയില്‍ നിയമിക്കുന്നത് സര്‍ക്കാറിന്റെ കടുത്ത കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ ജൂണ്‍ 27നായിരുന്നു ശേഷാദ്രിനാഥനെതിരെ പി എം നിയാസ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുഖ്യമന്ത്രി വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി അടക്കമുള്ളവര്‍ക്ക് കത്ത് നല്‍കിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം. ശേഷാദ്രിനാഥന്‍ ജനിച്ചതും പഠിച്ചതും പ്രാക്ടീസ് ആരംഭിച്ചതും താന്‍ ജനപ്രതിനിധിയായിരുന്ന ചാലപ്പുറത്താണെന്നും താന്‍ കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ഇദ്ദേഹം ഉറച്ച എസ്എഫ്‌ഐ പ്രവര്‍ത്തനും നേതാവുമായിരുന്നുവെന്നും നിയാസ് ചൂണ്ടിക്കാട്ടിയിരുന്നു. ലോ-കോളേജിലും കെഎസ്യു പ്രസ്ഥാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണാണ് ശേഷാദ്രിനാഥന്‍. അക്കാലത്ത് കെഎസ്യുവിന് വേണ്ടി നിലയുറപ്പിച്ചവരും ഒരുപാട് മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിച്ചവരും ഇന്ന് ഈ തസ്തികയിലേക്ക് പരിഗണിക്കപ്പെട്ടവരായി ഉണ്ടായിരുന്നു എന്നതും ഖേദകരമാണെന്നും നിയാസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിയാസിനെ തള്ളി കെ എം ഷാജി രംഗത്തെത്തിയിരുന്നു. തന്റെ വകുപ്പ് നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. ശേഷാദ്രിനാഥനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടുണ്ട്. വിശ്വാസി ആകുന്നത് തെറ്റായ കാര്യമല്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
Chief Minister proposed the name of N Seshadrinathan for the position of kerala election commissioner


