30
Jun 2026
Tue
30 Jun 2026 Tue
Zainul Abid SDPI

കാസര്‍കോഡ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് വധക്കേസില്‍ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വ്യാഴാഴ്ച്ച (ജൂലൈ രണ്ടിന്) വിസ്തരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് എം ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനും തളങ്കര നുസ്രത്ത് നഗര്‍ സ്വദേശിയുമായിരുന്ന സൈനുല്‍ ആബിദിന്‍ (24) കൊല്ലപ്പെട്ട കേസിലാണ് കാസര്‍കോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (മൂന്ന്) വിചാരണ നടപടികള്‍ പൂര്‍ത്തിയായി വരുന്നത്.

കൊലപാതകം 2014ല്‍

2014 ഡിസംബര്‍ 22ന് രാത്രിയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എം ജി റോഡിലുള്ള പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വെച്ച് സൈനുല്‍ ആബിദിന്‍ കൊല്ലപ്പെട്ടത്. സൈനുല്‍ ആബിദിന്റെ പിതാവ് കെ എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ സംഘം പിതാവിന്റെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം നില മോശമായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നഗരമധ്യത്തില്‍ ഉണ്ടായ ഈ ആക്രമണത്തില്‍ ജില്ലയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രതിപ്പട്ടികയില്‍ 21 പേര്‍

സംഘപരിവാര പ്രവര്‍ത്തകരായ ഉദയന്‍, പ്രശാന്ത്, മഹേഷ്, അനി എന്ന അനില്‍കുമാര്‍ ഉള്‍പ്പെടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ നിയമപ്രകാരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. ഇതോടെ ആബിദ് വധക്കേസിലെ ഇയാളുടെ ജാമ്യം ജഡ്ജി അജിന്ത്യ രാജ് ഉണ്ണി റദ്ദാക്കിയിട്ടുണ്ട്.

കേസിന്റെ വിചാരണയ്ക്കിടയില്‍ പ്രധാന സാക്ഷികള്‍ മരിച്ചിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷിയും സൈനുല്‍ ആബിദിന്റെ പിതാവുമായിരുന്ന മുഹമ്മദ് കുഞ്ഞി രണ്ട് വര്‍ഷം മുന്‍പ് കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മറ്റൊരു പ്രധാന സാക്ഷിയും സൈനുല്‍ ആബിദിന്റെ സഹോദരനുമായ അബ്ദുല്‍ റഷീദും അസുഖത്തെ തുടര്‍ന്ന് മരിച്ചു.

78 സാക്ഷികളുടെ വിസ്താരം കഴിഞ്ഞു

അന്നത്തെ കാസര്‍കോട് ടൗണ്‍ പൊലീസ് സിഐ ആയിരുന്ന പി കെ സുധാകരനാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന്റെ സാക്ഷി വിസ്താരമാണ് ജൂലൈ രണ്ടിന് നടക്കുക. മൊത്തം 78 സാക്ഷികളുടെ വിസ്താരം നടന്നുകഴിഞ്ഞു. 10 വര്‍ഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി സതീശനും അഡ്വ. കെ അമ്പളിയുമാണ് കോടതിയില്‍ ഹാജരാകുന്നത്.

മദ്‌റസ അധ്യാപകന്‍ റിയാസ് മൗലവി അടക്കമുള്ള കൊലപാതക കേസുകളില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആബിദ് വധക്കേസിന്റെ വിധിയും ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.