30
Jul 2023
Tue
30 Jul 2023 Tue

കൊല്ലം: കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വീടിന് മുകളിൽ മൺകലത്തിൽ കഞ്ചാവ് നട്ടുവളർത്തിയ 19കാരൻ പിടിയിൽ. കൊല്ലം ഇരവിപുരത്താണ് സംഭവം. ഇരവിപുരം ആക്കോലിൽ വീട്ടിൽ അനന്തുവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന്റെ ടെറസിന് മുകളിൽ മൺകലത്തിലാണ് യുവാവ് കഞ്ചാവ് നട്ടുവളർത്തിയത്. രണ്ട് മാസത്തോളം വളർച്ചയെത്തിയതായിരുന്നു ചെടി. അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് എക്സൈസ് സംഘത്തോട് പറഞ്ഞത്.

മൺകലത്തിൽ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികൾ ഇട്ട് ചെടികൾ വളർത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നൽകിയ മൊഴിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പള്ളിത്തുറയ്ക്ക് സമീപം നെഹ്റു ജങ്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. സംഭവത്തില്‍ നാല് പേരെ എക്സൈസ് എംഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. നഗരം കേന്ദ്രീകരിച്ചുള്ള വിൽപനയ്ക്കായി വിശാഖപട്ടണത്ത് നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചത്.