23
Jul 2023
Tue
23 Jul 2023 Tue

സൗദിയും കുവൈത്തും യുഎഇയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പൊള്ളുന്ന ചൂടില്‍. 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുവരെയാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന അന്തരീക്ഷ താപനില. അന്തരീക്ഷ താപനില വര്‍ധിച്ചതോടെ നിര്‍ജലീകരണവും മൈഗ്രെയ്‌നും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ആളുകള്‍ക്ക് അനുഭവപ്പെടുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബിയിലെ അല്‍ ധഫ്ര മേഖലയിലെ ഹമീമില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 49.4 ഡിഗ്രി സെല്‍ഷ്യസാണ് യുഎഇയിലെ ഉയര്‍ന്ന അന്തരീക്ഷ താപനില. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നതും നിര്‍ജലീകരണവുമാണ് വേനല്‍ക്കാലത്തുണ്ടാവുന്ന തലവേദനകള്‍ക്കു കാരണമെന്നും ഇതു പലപ്പോഴും മൈഗ്രേന്‍ ആയി മാറാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. തലവേദന വഷളാവുന്നതിനു മുമ്പുതന്നെ ചികില്‍സ തേടണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സൗദിയില്‍ 48 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു അന്തരീക്ഷ താപനില. രണ്ടായിരത്തിലേറെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൂര്യാഘാതമേറ്റെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കുവൈത്തില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയര്‍ന്നു. ശനിയാഴ്ച ഊര്‍ജ ഭാര സൂചിക മഞ്ഞ വരയില്‍ എത്തിയതായി അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചു. ഊര്‍ജ ഉപയോഗം കൂടുന്ന സമയങ്ങളില്‍ ഊര്‍ജം ഏറെ ആവശ്യമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് വൈദ്യുതി മന്ത്രാലയം ആവശ്യപ്പെട്ടു.