02
Jul 2023
Sat
02 Jul 2023 Sat

കല്‍പ്പറ്റ: മകളുമായി പുഴയിലേക്കു ചാടിയ ഗര്‍ഭിണി മരിച്ചു. വെണ്ണിയോട് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന(33)യാണ് മരിച്ചത്. പുഴയില്‍ കാണാതായ 5 വയസ്സുകാരി ദക്ഷയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. വിഷം കഴിച്ചശേഷം ദര്‍ശന മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടുകയായിരുന്നു. യുവതിയും കുഞ്ഞും പുഴയില്‍ ചാടിയത് കണ്ടയാള്‍ അറിയിച്ചതിനെ തുടര്‍ന്ന്, സമീപത്ത് ജോലി ചെയ്തിരുന്ന യുവാവ് പുഴയില്‍ ചാടി ദര്‍ശനയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ദര്‍ശനയെ കല്‍പറ്റയിലെ ഗവ. ജനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുഴയില്‍ ചാടുന്നതിന് മുന്‍പ് ദര്‍ശന വിഷം കഴിച്ചിരുന്നു. അതിനാല്‍ കരളിനെ ഉള്‍പ്പെടെ ബാധിച്ചതിനാല്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ക്കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിനും കമ്പളക്കാട് പോലീസിന്റെ തുടര്‍നടപടികള്‍ക്കും ശേഷം സംസ്‌കാരം പിന്നീട് നടക്കും. ദക്ഷയ്ക്കായി ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ ഇന്നും തുടരും.

ദമ്പതികളുടെ ഏക മകളാണ് കാണാതായ ദക്ഷ. ദര്‍ശന നാലുമാസം ഗര്‍ഭിണിയാണ്. ഇവരുടെ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് പുഴ. പാലത്തിന് മുകളില്‍ ചെറുതും വലുതുമായ രണ്ട് കുടകളും ഒരു ചെരിപ്പുമുണ്ടായിരുന്നു.