30
Jul 2023
Sat
30 Jul 2023 Sat

രണ്ടുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മുത്തശ്ശി കഴുത്തുഞെരിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. മകൾക്കു ജനിച്ച രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞായതോടെയാണ് ഇതിഷ്ടപ്പെടാതിരുന്ന മുത്തശ്ശി കുഞ്ഞിനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി ബുലന്ദ്ഷഹറിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുഞ്ഞിന്റെ മുത്തശ്ശിയായ മീന(45)കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഞ്ഞിന്റെ പിതാവായ ഡാനിഷ് ഖാൻ ആണ് ഭർതൃമാതാവിനെതിരേ പരാതിയുമായി പൊലീസിൽ എത്തിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി പൊലീസ് മീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡാനിഷിന്റെ ഭാര്യ അയേഷ ഖാതൂൻ ബുലന്ദ്ഷഹറിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞദിവസമാണ് രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയത്. മൂത്തകുട്ടിക്ക് രണ്ടുവയസ്സുണ്ട്. അതേസമയം മകൾ ജന്മംനൽകുന്നത് ആൺകുട്ടിയെ ആണെന്ന നി​ഗമനത്തിലായിരുന്നു യുവതിയുടെ മാതാവ് മീന.

വ്യാഴാഴ്ച രാത്രി ശുദ്ധവായു ശ്വസിക്കാൻ കുഞ്ഞിനെ ഐസിയുവിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവാൻ അയേഷ അമ്മയോട് ആവശ്യപ്പെട്ടു. ഇവർ കുഞ്ഞിനെ പുറത്തുകൊണ്ടുപോയ ശേഷം ജീവനറ്റ കുഞ്ഞിനെയാണ് തിരിച്ചെത്തിച്ചത്. തുടർന്നാണ് ഡാനിഷ് ഭർതൃമാതാവിനെതിരേ പൊലീസിൽ പരാതി നൽകിയത്.