28
Jul 2023
Wed
28 Jul 2023 Wed

സീമാ ഹൈദര്‍ പാക് ചാര വനിതയോ? എ.ടി.എസ് അന്വേഷണം തുടങ്ങി, സീമയുടെ സഹോദരനും അമ്മാവനും പാക് സൈനികര്‍, സീമയില്‍ പാകിസ്താനും സംശയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പബ്ജി കളിക്കിടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ മക്കളെയും കൂട്ടി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിന്റെ ‘കാമുകനെ തേടിയുള്ള’ വരവില്‍ മറ്റ് താല്‍പ്പര്യങ്ങളുണ്ടെന്ന സംശയവുമായി ഇന്ത്യന്‍ ഏജന്‍സികള്‍. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ചാരശൃംഖലയില്‍ സീമ കണ്ണിയാണെന്ന സംശയം ഉയര്‍ന്നതോടെ അവരെ യു.പി ഭീകരവിരുദ്ധ സേന (എ.ടി.എസ്) ചോദ്യംചെയ്തു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സീമ, കാമുകന്‍ സച്ചിന്‍ മീണ, സച്ചിന്റെ പിതാവ് നേത്രപാല്‍ സിങ് എന്നിവരെയാണ് എ.ടി.എസ് ചോദ്യംചെയ്തത്. സീമ പാക് പൗരയാണെന്നും അവരെ കുറിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിട്ടുണ്ടെന്നും അതിലൊന്ന് അവര്‍ പാക് ചാരയാണ് എന്നതാണെന്നും മുതിര്‍ന്ന യു.പി പൊലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇന്ത്യയിലേക്കുള്ള അവരുടെ അനധികൃത വരവില്‍ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. ദുബയ് വഴി നേപ്പാളിലെത്തിയ ശേഷമാണ് സീമ ഇന്ത്യയിലേക്ക് വന്നത്. കൂടാതെ സീമ നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നതും ഏജന്‍സികള്‍ സംശയത്തോടെയാണ് കാണുന്നത്. പബ്ജി ഗെയിം വഴി സച്ചിനെ കൂടാതെ രാജ്യതലസ്ഥാനമേഖലയിലെ (എന്‍.സി.ആര്‍) നിരവധിയാളുകളുമായി സീമ ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. സീമയുടെ സഹോദരനും അമ്മാവനും പാക് സൈന്യത്തില്‍ ജോലിചെയ്യുന്നവരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ കാമുകനൊപ്പം താമസിക്കുന്ന സീമ നിലവില്‍ വിവിധ നിയമക്കുരുക്ക് നേരിടുന്നുണ്ട്. ഇതിന് പുറമെയാണ് സീമയുടെ ഇന്ത്യന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളായി വികസിക്കുന്നത്. അതോടൊപ്പം സീമയില്‍ ഐ.എസ്.ഐയും ദുരൂഹത ആരോപിച്ചിട്ടുണ്ട്. തടവിലാക്കപ്പെടാതെ സീമ ഇന്ത്യയിലെത്തി വിവാഹം കഴിച്ചതിലാണ് പാക് ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുന്നത്. ഒളിച്ചോട്ടത്തിന് പിന്നില്‍ പ്രണയം മാത്രമാണെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാളിലെ കാഠ്മണ്ഡുവില്‍ വച്ചാണ് സീമയും സച്ചിനും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയ സീമ അവിടെയുണ്ടായിരുന്ന സ്ഥലം വിറ്റ് 12 ലക്ഷം രൂപ സംഘടിപ്പിച്ച് വിമാന മാര്‍ഗമാണ് ഇന്ത്യയില്‍ വന്നത്. മെയിലാണ് നാലു മക്കളുമായി സീമ ഡല്‍ഹിയിലെത്തിയതും പലചരക്കുകടക്കാരനായ സച്ചിനൊ(23)പ്പം താമസമാക്കിയതും. ഒരു മാസം കഴിഞ്ഞ് നിയമപരമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് അഭിഭാഷകനെ സമീപിച്ചതോടെയാണ് സീമയെക്കുറിച്ച് വാര്‍ത്തയായത്. ഇതോടെ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചെന്ന് ചൂണ്ടിക്കാട്ടി ഈ മാസം നാലിന് സീമയെ അറസ്റ്റ് ചെയ്തു. അഭയം നല്‍കിയതിന് സച്ചിനും പിടിയിലായെങ്കിലും പിന്നീട് ജാമ്യം നല്‍കി.

സീമയുടെ ആദ്യ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്യുന്ന ഗുലാം ഹൈദര്‍ അവരോടൊപ്പം ഇപ്പോഴും ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും വിട്ടുതരണമെന്ന് ഗുലാം ഹൈദര്‍ ഇന്ത്യാ- പാക് അധികൃതരോട് അഭ്യര്‍ഥിച്ചു. ഇതിനിടെ സീമയെ നാടുകടത്തിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദുത്വസംഘടനായയ ഗോരക്ഷാ ഹിന്ദു ദള്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ സീമ രാജ്യം വിടണമെന്നാണ് അന്ത്യശാസനം. സീമ ഹൈദര്‍ പാക് ചാരവനിതയാണെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നും ദള്‍ അധ്യക്ഷന്‍ വേദ് നഗര്‍ ആരോപിക്കുന്നു. ‘

സീമ ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോയില്ലെങ്കില്‍ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്തുമന്ന് അടുത്തിടെ പൊലിസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സീമ ഹൈദര്‍ തിരിച്ചെത്തിയില്ലെങ്കില്‍, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കുമെന്നായിരുന്നു മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് ഉറുദു ഭാഷയില്‍ സംസാരിക്കുന്ന അജ്ഞാതന്റെ ഭീഷണി സന്ദേശം.സംഭവത്തില്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്.