‘കേസ് നീണ്ടുപോകുന്നത് കാരണം എന്റെ ജീവിതം നഷ്ടമാകുന്നു’; നീണ്ട പരാതിയുമായി ദിലീപ് ഹൈക്കോടതിയില്‍
|
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ നീട്ടാനാണു ശ്രമമെന്നും തന്റെ ജീവിതമാണു കേസ് കാരണം നഷ്ടമായതെന്നും ആരോപണവിധേയനായ നടന് ദിലീപ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നതു വിചാരണ നീട്ടിക്കൊണ്ടുപോകാനാണ്. ഈ നീക്കത്തില്‍ പ്രോസിക്യൂഷന് കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്നാണ് ദിലീപിന്റെ വാദം.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടര്‍ന്നാണ് ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടില്ലെന്നാണ് ഹര്‍ജിയെ എതിര്‍ത്ത ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ളയുടെ വാദം. ദൃശ്യങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്നിരിക്കെ എങ്ങനെയാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കഴിയുകയെന്നും അഭിഭാഷകന് ചോദിച്ചു.
അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ ബാബു ചോദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നായിരുന്നു മറുപടി. തന്റെ കക്ഷിയുടെ ജീവിതമാണ് ഈ കേസുകാരണം നഷ്ടമായതെന്നാണ് അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.
വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെങ്കില് അതിലെന്താണു തെറ്റെന്ന് ഹൈക്കോടതി ആരാഞ്ഞു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നു പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ടി.എ.ഷാജി വ്യക്തമാക്കി. ഡിജിപിയുടെ വാദം പൂര്‍ത്തിയായിട്ടില്ല. അതിജീവിതയ്ക്കായി ഹാജരാകുന്ന സുപ്രീം കോടതി അഭിഭാഷകന് ഗൗരവ് അഗര്‍വാളിന്റെ സൗകര്യം കണക്കിലെടുത്തു ഹര്‍ജി 31ന് പരിഗണിക്കാനായി നീട്ടിവച്ചു.


