30
Aug 2023
Tue
30 Aug 2023 Tue

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം; രണ്ട് പൊലിസുകാരും ഇമാമും ഉള്‍പ്പെടെ മരണം അഞ്ചായി, ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഹരിയാനയില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച യാത്രയോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ രണ്ട് പോലീസുകാരും ഒരു ഇമാമും ഉള്‍പ്പെടും. പത്തിലേറെ പൊലീസുകാരടക്കം 30ലധികം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയോട് ചേര്‍ന്നുള്ള നൂഹിലാണ് സംഘര്‍ഷമുണ്ടായത്.

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജീവനോടെ തീക്കൊളുത്തിക്കൊന്ന സംഭവത്തിലുള്‍പ്പെടെ പിടികിട്ടാപ്പുള്ളിയായ ഗോരക്ഷാ ഗുണ്ട മോനു മനേസര്‍ എന്ന മോഹിത് യാദവ് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. ഇതു ചോദ്യംചെയ്ത് ഒരു സംഘം രംഗത്തെത്തിയതിനു പിന്നാലെയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്.

അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷത്തിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തതോടെയാണ് ഇമാം കൊല്ലപ്പെട്ടത്.

സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത സുരക്ഷ തുടരുകയാണ്. സംഘര്‍ഷമുണ്ടായ നൂഹിലും സമീപപ്രദേശങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കൂടുതല്‍ സേനയെ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നൂഹ്, ഗുരുഗ്രാം, പല്‍വാള്‍, ഫരീദാബാദ് എന്നിവടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഭ്യൂഹങ്ങളോ തെറ്റായ വാര്‍ത്തകളോ ആരും പ്രചരിപ്പിക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നാളെ വരെ വിലക്കേര്‍പ്പെടുത്തി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് 20 ഓളം കേസുകളെടുത്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.