നൂഹിലെ ബുള്‍ഡോസര്‍ രാജ്: വംശീയ ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്ന് ഹരിയാന സര്‍ക്കാരിനോട് ഹൈക്കോടതി
|
ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ന്യൂനപക്ഷവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിതിരേ അതി രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് – ഹരിയാണ ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങളുടെ മറവില്‍ ഒരു പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വംശീയ ഉന്മൂലനമാണോ നിങ്ങളുടെ ലക്ഷ്യമെന്ന് ഹരിയാന സര്‍ക്കാരിനോട് ചോദിച്ചു.
ഹരിയാനയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് പരാമര്‍ശം. ക്രമസമാധാന പ്രശ്‌നത്തിന്റെ മറവില്‍ നിയമപരമായ നടപടികളൊന്നും പാലിക്കാതെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഉത്തരവുകളോ നോട്ടീസോ നടപടിക്ക് മുമ്പ് നല്‍കിയിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എത്ര കെട്ടിടങ്ങള്‍ പൊളിച്ചുവെന്ന വിവരം നല്‍കാനും ഹരിയാണ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി വിധിക്ക് പിന്നാലെ ബുള്‍ഡോസര്‍ നടപടി നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നൂഹില്‍ നാല് ദിവസങ്ങളോളം തുടര്‍ന്ന ബുള്‍ഡോസര്‍ നടപടിയില്‍ 250 കുടിലുകളും അമ്പതിലേറെ നിര്‍മാണങ്ങളുമാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. ഇതില്‍ മൂന്നുനിലയുള്ള സഹാറ ഹോട്ടലും ഉള്‍പ്പെടും.
ഷഹീദ് ഹസന്‍ ഖാന്‍ മേവാത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറത്തുള്ള നിരവധി കടകളും തകര്‍ത്തിട്ടുണ്ട്. കയ്യേറ്റം നടത്തിയെന്ന് ആരോപിച്ചാണ് നടപടികളെല്ലാം. എന്നാല്‍ പൊളിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ലെന്നും കടയുടമകള്‍ പറയുന്നു.





