19
Aug 2023
Fri
19 Aug 2023 Fri

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എട്ട് വയസുള്ള മുസ്‌ലിം വിദ്യാർഥിയെ ക്ലാസില്‍ എല്ലാവര്‍ക്കും മുന്നില്‍ എഴുന്നേൽപ്പിച്ച് നിര്‍ത്തുകയും ഹിന്ദു കുട്ടികളെ കൊണ്ട് മുഖത്ത് അടിപ്പിക്കുകയും ചെയ്ത് അധ്യാപിക. മുസഫര്‍നഗര്‍ ജില്ലയില്‍ മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖുബ്ബാപൂരിലെ നേഹ പബ്ലിക് സ്‌കൂളിലാണ് ക്രൂരത. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ത്രിപ്ത ത്യാഗി എന്ന അധ്യാപികയാണ് വംശീയ നിലപാട് സ്വീകരിച്ച് മുസ്‌ലിം വിദ്യാർഥിയെ മറ്റുള്ളവരെ കൊണ്ട് അടിപ്പിച്ചത്. ക്ലാസിലെ ഏക മുസ്‌ലിം കുട്ടിയാണ് ക്രൂരതയുടെ ഇര. കുട്ടിയെ മറ്റ് വിദ്യാർഥികൾക്ക് മുന്നില്‍ നിര്‍ത്തിയാണ് ബാക്കിയുള്ളവരോട് വന്ന് അടിക്കാന്‍ പറഞ്ഞത്. ഞാന്‍ എല്ലാ മുസ്‌ലിം കുട്ടികളെയും അടിക്കാറുണ്ടെന്ന് അധ്യാപിക പറയുന്നതും മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കേള്‍ക്കാം.

വീഡിയോ പകര്‍ത്തിയയാള്‍ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കേൾക്കാം. കുട്ടിയെ ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ അധ്യാപിക ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. ഒരു വിദ്യാർഥി വന്ന് മുഖത്തടിച്ചപ്പോൾ എന്തുകൊണ്ട് നീ ശക്തിയായി അടിച്ചില്ലെന്ന് ചോദിക്കുന്ന അധ്യാപിക മുസ്‌ലിം കുട്ടിയുടെ പുറത്തുകൂടി അടിക്കാനും അവനോട് നിർദേശിക്കുന്നു.

സംഭവത്തില്‍ മുസഫര്‍നഗര്‍ പൊലീസ് അന്വേഷണത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പരാതി കൊടുക്കുന്നില്ലെന്നും ഇനി കുട്ടിയെ ക്ലാസില്‍ പറഞ്ഞയക്കുന്നില്ലെന്നും ഇരയുടെ പിതാവ് ഇര്‍ഷാദ് പറഞ്ഞു. പരാതി കൊടുത്തിട്ട് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ഇര്‍ഷാദ് ചൂണ്ടിക്കാട്ടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക