02
Sep 2023
Sat
02 Sep 2023 Sat

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ-3ന്റെ വിജയകരമായ ലാൻ‍ഡിങ്ങിന് ശേഷം ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ- എൽ 1ഉം കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രനെ വിജയകരമായി തൊട്ട ഇന്ത്യ അതിശയിപ്പിക്കുന്ന മറ്റൊരു നേട്ടത്തിലേക്കാണ് കുതിച്ചുയർന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 11.50ന് പിഎസ്എൽവി-സി 57 റോക്കറ്റ് ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി. സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. വിക്ഷേപണത്തിനു മുന്നോടിയായുള്ള പരീക്ഷണങ്ങളെല്ലാം വിജയമായിരുന്നു. 800 കിലോമീറ്റർ അകലെയുള്ള ഭൂഭ്രമണ പാതയിൽ പേടകത്തെ എത്തിക്കുകയാണ് ആദ്യ കടമ്പ. ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിപ്പിച്ച് പേടകം പിന്നീട് നാലു തവണ ഭൂമിയെ വലയം ചെയ്യും.

അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് നീങ്ങും. 125 ദിവസം നീളുന്ന ഈ ഘട്ടങ്ങൾ പിന്നിട്ട് ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിന്‍റില്‍, ആദിത്യ-എൽ 1 എത്തും. സൂര്യന്‍റെ പുറംഭാഗത്തെ താപവ്യതിയാനം, ഉപരിതലഘടന പഠനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിന്‍റെ ഫലങ്ങൾ എന്നിവയാണ് പഠന ലക്ഷ്യങ്ങൾ.

ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച ഏഴു പേലോഡുകളാണ് പേടകത്തിലുള്ളത്. അഞ്ച് വർഷവും രണ്ട് മാസവുമാണ് ആദിത്യ എൽ1 ദൗത്യത്തിന്‍റെ കാലാവധി.