02
Sep 2023
Sun
02 Sep 2023 Sun

സംഘപരിവാര്‍ ഉയര്‍ത്തുന്ന സനാതനധര്‍മ ആശയത്തെ കടന്നാക്രമിച്ച് ഉദയനിധി സ്റ്റാലിന്‍; ‘ഡെങ്കിയും മലേറിയയും കൊറോണയും പോലെ’

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: സംഘപരിവാര്‍ ഉയര്‍ത്തുന്ന സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച് നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മം ഡെങ്കിയും മലേറിയയും പോലെയാണെന്നും എതിര്‍ക്കുകയല്ല, തുടച്ചുനീക്കുകയാണ് വേണ്ടതെന്നും മഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി പറഞ്ഞു. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും സനാതന എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണെന്നും ഉദയനിധി വ്യക്തമാക്കി. സനാതന നിര്‍മാര്‍ജന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. നമ്മള്‍ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്- ഉദയനിധി വിശദീകരിച്ചു.

മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനംചെയ്തതെന്ന് ബിജെപി ഐടി സെല്ല് മേധാവി അമിത് മാളവ്യ ആരോപിച്ചു.

എന്നാല്‍, താന്‍ വംശഹത്യയ്ക്ക് ആഹ്വാനംചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തി. താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാവി ഭീഷണികള്‍ക്കുമുന്നില്‍ തലകുനിക്കില്ല. സനാതന ധര്‍മ്മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.