30
Sep 2023
Tue
30 Sep 2023 Tue

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വീട്ടിൽ കയറി മൂന്നു പേരെ വെട്ടിക്കൊല്ലാൻ ശ്രമം. തുടർന്ന് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങോൾ സ്വദേശി എല്‍ദോസ് എന്ന ബേസിലിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ, മകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാരകായുധവുമായി വീട്ടിലെത്തിയാണ് പ്രതി ഇവരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിനും തലയ്ക്കും പുറം ഭാഗത്തുമാണ് അല്‍ക്കയ്ക്ക് വെട്ടേട്ടത്. അല്‍ക്കയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഔസേഫിനും ചിന്നമ്മയ്ക്കും പരിക്കേറ്റതെന്നാണ് വിവരം. ഔസേഫിനെയും ഭാര്യ ചിന്നമ്മയെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അല്‍ക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം, വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ആക്രമണത്തിനുള്ള കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.