09
Sep 2023
Wed
09 Sep 2023 Wed

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; രാംനാഥ് കോവിന്ദ് മൂന്ന് മാസംമുമ്പ് തന്നെ നീക്കം തുടങ്ങി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സംഘപരിവാറിന്റെ പുതിയ അജന്‍ഡ നടപ്പാക്കുന്നതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുമാസം മുമ്പ് തന്നെ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച സൂചന റിപ്പോര്‍ട്ട്‌ചെയ്തത്. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ജൂണ്‍ മുതല്‍ രാംനാഥ് കോവിന്ദ് തുടക്കമിട്ടതായാണ് സൂചന. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിനു പിന്നാലെ ജൂണ്‍ രണ്ടിന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയും കോവിന്ദിനെ വസതിയിലെത്തി കണ്ടു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ആശങ്കയിലായ ബിജെപി നേതൃത്വം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രം ആവിഷ്‌കരിക്കുന്ന ഘട്ടത്തിലായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്താനായി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ അജന്‍ഡ സജീവമാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചിരുന്നു.

ജൂണ്‍ ഒമ്പതുമുതല്‍ ആഗസ്ത് 29 വരെയുള്ള കാലയളവില്‍ കോവിന്ദ് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടത്തി. കേരളം, ബംഗാള്‍, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, ഹരിയാന, യുപി, ഒഡിഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും ദാദ്ര നഗര്‍ഹവേലി അഡ്മിനിസ്‌ട്രേറ്ററെയും കോവിന്ദ് കണ്ടു. സുപ്രീംകോടതി ചീഫ്ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍, യുപി മുഖ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ ആഗസ്ത് 29ന് കോവിന്ദ് സന്ദര്‍ശിച്ചു. ആഗസ്തിലും അമിത് ഷാ കോവിന്ദിനെ കണ്ടു.

മോദിയുടെ വിശ്വസ്തനെന്ന നിലയിലാണ് കോവിന്ദിനെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ തലവനായി നിയമിച്ചത്. സുപ്രീംകോടതി അഭിഭാഷകനായിരുന്ന കോവിന്ദിന്റെ നിയമപരിജ്ഞാനവും പരിഗണിച്ചിട്ടുണ്ട്. രാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിച്ചയൊരാള്‍ ഇത്തരമൊരു സ്ഥാനം ഏറ്റെടുക്കുന്നതും ഇതാദ്യം. 2029 ലോക്‌സഭാ തെരഞ്ഞെടുപ്പുമുതല്‍ നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനാണ് നീക്കമെന്ന് സൂചനയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തിസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക