മൊറോക്കോ: വെള്ളിയാഴ്ച രാത്രി മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 1000 കവിഞ്ഞു. റോഡുകള്‍ പലതും പാറകളും കെട്ടിടാവശിഷ്ടങ്ങളുമായതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂര്‍ണമായ കണക്കും ഇതിനാല്‍ അധികൃതരുടെ പക്കലില്ല.റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശ നഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
|
വെള്ളിയാഴ്ച രാത്രി 11:11-ന് ലോകത്തെ ഞെട്ടിച്ച ദുരന്തം. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടില്‍ നിന്ന് 72 കിലോമീറ്റര്‍ (45 മൈല്‍) തെക്കുപടിഞ്ഞാറായി പര്‍വതപ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവില്‍ ഭൂരിഭാഗവും അല്‍-ഹൗസ്,തരൂഡന്റ് പ്രവിശ്യകളിലുള്ളവരാണ്. അറ്റ്ലസ് പര്‍വതനിരകളുടെ താഴ്വരകള്‍ മുതല്‍ ചരിത്ര നഗരമായ മാരാക്കേച്ച് വരെയുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ വടക്കേ ആഫ്രിക്കന്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.2004-ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയിലെ അല്‍ ഹോസിമയിലുണ്ടായ ഭൂകമ്പത്തില്‍ 628 പേര് കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, 1960-ല്‍ അഗാദിറില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 12,000-ത്തിലധികം പേരാണ് മരിച്ചത്.


