മൊറോക്കോയില്‍ തിരച്ചില്‍ തുടരുന്നു, മരണം 2112 ആയി; തകര്‍ന്നടിഞ്ഞ് പൗരാണിക നഗരി
|
റാബത്ത്: മൊറോക്കോയിലെ ചരിത്രനഗരമായ മറാകിഷില്‍ വെള്ളിയാഴ്ച വൈകീട്ടുണ്ടായ ഭൂചലനത്തില്‍ മരണം 2100 കടന്നു. 2,421 പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പം തകര്‍ത്ത മൊറോക്കോയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരില്‍ 1400ഓളം പേരുടെ നില ഗുരുതരമാണ്. അറ്റ്ലസ് മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ല.
അതേസമയം, മേഖലയില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനും മറ്റുമായി ദുരന്തബാധിതര്‍ ഏറെ പ്രയാസപ്പെടുകയാണ്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള സഹായവാഗ്ദാനങ്ങള്‍ സ്വീകരിക്കുമെന്ന് മൊറോക്കോ ഭരണകൂടം അറിയിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. നഗര പുനര്‍നിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കുമെന്ന് റെഡ് ക്രോസ് അറിയിച്ചു.
മൊറോക്കയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങള്‍ മൊറോക്കന്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയും ഇന്ത്യ, ഫ്രാന്‍സ്, സൗദി അറേബ്യ, ജര്‍മനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങള്‍ മൊറോക്കോക്ക് സഹായങ്ങളുമായി രംഗത്തുണ്ട്. ചരിത്ര നഗരമായ മറാക്കിഷിലും അടുത്തുള്ള പ്രാവശ്യകളിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സെപ്തംബര്‍ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. മറാകിഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടര്‍ചലനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനം എന്നാണ് മൊറോക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജ്യോഗ്രഫി ദുരന്തത്തെ വിശേഷിപ്പിച്ചത്.


