സിനിമയിലെ കണ്‍വെന്‍ഷനല്‍ ടൈപ്പുകളെ പൊളിച്ചെഴുതിയ പ്രതിഭ; ഒടുവില്‍ മരണം വൃദ്ധസദനത്തില്‍; ആരായിരുന്നു KG ജോര്‍ജ്
|
കൊച്ചി: സിനിമാമേഖലയിലെ വ്യവസ്ഥാപിത നായകനായിക സങ്കല്‍പ്പങ്ങളെയും സിനിമയിലെ കണ്‍വെന്‍ഷനല്‍ ടൈപ്പുകളെയും പൊളിച്ചെഴുതിയ പ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച കെ.ജി ജോര്‍ജ്. മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. സമൂഹത്തിലെ കപടസദാചാരത്തെയും അഴിമതിയെയും സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.
മലയാളത്തില്‍ ഒരു സ്ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് ജോര്‍ജായിരുന്നു. ആദാമിന്റെ വാരിയെല്ല് പുതു ന്യൂജനറേഷന്‍ സംവിധായകരെ വിസ്മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു അദ്ദേഹം ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിലെ മലയാളത്തിന്റെ പാഠപുസ്തമായ സിനിമയായി കണക്കാക്കുന്ന യവനികയിലൂടെയാകും ജോര്‍ജ് പുതിയ കാലത്തെ പ്രേക്ഷകനോട് കൂടുതല്‍ അടുക്കുന്നത്. അക്കൊല്ലത്തെ മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത്, ചിത്രം, മികച്ച രണ്ടാമത്തെ നടന്‍ തുടങ്ങിയ സംസ്ഥാന അവാര്‍ഡുകള്‍ക്ക് പുറമേ ഫിലിം ക്രിട്ടിക്‌സിന്റേതടക്കം ഒട്ടനവധി പുരസ്‌കാരങ്ങളും യവനികയെ തേടിയെത്തി.
സിനിമയില്‍ ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോര്‍ജിന്റെ പഞ്ചവടിപ്പാലം. മണ്ണ്, ഉള്‍ക്കടല്‍, മേള, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക്, ഇരകള്‍ എന്നിങ്ങനെ ഒന്നിനൊന്ന് വേറിട്ട സിനിമകളാണ് അദ്ദേഹം ചെയ്തത്.
സ്വപ്‌നാടനം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, മേള, ഉള്‍ക്കടല്‍, ഈ കണ്ണി കൂടി തുടങ്ങിയവ ജോര്‍ജിന്റെ പ്രശസ്ത സിനിമകളാണ്.
1946 ല്‍ തിരുവല്ലയില്‍ ജനിച്ച കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ് ബിരുദപഠനത്തിന് ശേഷം 1971 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ സംവിധാനത്തില്‍ ഡിപ്ലോമ നേടിയാണ് സിനിമ രംഗത്ത് സജീവമായത്. രാമുകാര്യാട്ടിന്റെ മായ എന്ന സിനിമയില്‍ സഹായിയായിട്ടാണ് സിനിമയില്‍ തുടക്കം.
1976 ല്‍ പുറത്തിറങ്ങിയ സ്വപ്‌നാടനം ആണ് ജോര്‍ജ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഈ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം, മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിവയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. 1998 ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഇലവങ്കോട് ദേശം ആണ് ജോര്‍ജിന്റെ അവസാന ചിത്രം. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകള്‍ സംവിധാനം മാത്രം ചെയ്തു. എന്നാല്‍ ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.
ഒടുവില്‍ പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചാണ് മരിച്ചത്. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് 2016ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി കെജി ജോര്‍ജിനെ ആദരിച്ചിരുന്നു. ഗായികയും പപ്പുക്കുട്ടി ഭാഗവതരുടെ മകളുമായ സല്‍മ ഭാര്യയും അരുണ്‍, താര എന്നിവര്‍ മക്കളുമാണ്.


