ബാലരാമപുരം: വേറിട്ട വാര്‍ഷിക ആഘോഷവുമായി ടൗണ്‍ വാര്‍ഡിലെ ‘പ്രത്യാശ കുടുംബശ്രീ’ യൂനിറ്റ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായാണ് പ്രത്യാശ കുടുംബശ്രീ യൂനിറ്റ് രണ്ടാം വാര്‍ഷികം ആഘോഷിച്ചത്. ടൗണ്‍ വാര്‍ഡ് മെംബര്‍ എം സക്കീര്‍ ഹുസൈന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യവിഭവ കിറ്റുകള്‍ വിതരണം ചെയ്തു.
|
എം സക്കീര്‍ ഹുസൈന്റെ പരിശ്രമഫലമായാണ് പ്രത്യാശ വനിതാ കൂട്ടായ്മ രൂപീകരിച്ചത്. പന്ത്രണ്ട് അംഗങ്ങളുള്ള കുടുംബശ്രീയുടെ പ്രസിഡന്റ് സുറുമി ടീച്ചറും സെക്രട്ടറി ഹക്കീമയുമാണ്. സഹപ്രവര്‍ത്തകരുടെ സഹകരണവും വാര്‍ഡ് മെംബര്‍ എം സക്കീര്‍ ഹുസൈന്റെ പിന്തുണയും ഉള്ളതിനാലാണ് പരസ്പര സഹായ പദ്ധതിയും അശരണര്‍ക്ക് ആശ്വാസ പദ്ധതികളുമായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചതെന്ന് സുറുമി ടീച്ചറും ഹക്കീമയും അഭിപ്രായപ്പെട്ടു.
നിത്യജീവിതത്തിലെ പലിശയുടെ നീരാളി പിടുത്തത്തില്‍ നിന്നും മോചനം നേടുവാനും കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും ശക്തമാക്കുവാനുമുള്ള പ്രത്യാശ കുടുംബശ്രീയുടെ നന്മനിറഞ്ഞ പ്രവൃത്തനങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് എം സക്കീര്‍ ഹുസൈന്‍ പറഞ്ഞു.


